ജയസൂര്യയുടെ പുതിയ സിനിമ തൃശ്ശൂര്‍ പൂരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ട്രെയിലറും ഗാനവും ഇതിനോടകം തരംഗമായി കഴിഞ്ഞു. ജയസൂര്യയുടെ പുതിയ ഗെറ്റപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കട്ടത്താടിയും മടക്കി കുത്തിയ മുണ്ടുമായി കലിപ്പന് ലുക്കിലാണ് ജയസൂര്യ. ഇതിനൊപ്പം തന്നെ ശ്രദ്ധേയമാണ് താരത്തിന്റെ അക്സസറീസും. കഴുത്തിലെ രുദ്രാക്ഷമാലയാണ് ഇക്കൂട്ടത്തില്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചത്. രുദ്രാക്ഷമാല എന്നത് ട്രഡീഷണല്‍ ആണെങ്കിലും അതിന് സ്റ്റൈലിഷ് ലുക്ക് നല്‍കിയാണ് മാല തയാറാക്കിയിരിക്കുന്നത്.
ജയസൂര്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പറക്കാട് ജ്വല്ലറിയുടെ ഉടമയും ഡിസൈനറുമായി പ്രീതി പറക്കാട്ട് ആണ് മാല ഡിസൈന്‍ ചെയ്തത്. സ്പെഷ്യല്‍ രുദ്രാക്ഷവും ശുദ്ധമായ വെള്ളിയില്‍ തയ്യാറാക്കിയ കപ്പുകളുമാണ് മാലയ്ക്ക് വേണ്ടി ഉപയോഗിച്ചത്. ഇത് കൂടാതെ രുദ്രാക്ഷത്തിനിടയില് ത്രിശൂലം യോജിപ്പിച്ച ഒരു ലോക്കറ്റും മാലയില്‍ ഉപയോഗിച്ചിട്ടുണ്ട്.
മാല വെള്ളിയില്‍ തന്നെ വേണമെന്ന് ജയസൂര്യയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ശിവ സങ്കല്പത്തിനോട് യോജിച്ച് നില്‍ക്കുന്നതാണ് ആ മാല. അതൊരു സ്പെഷ്യല്‍ വര്‍ക്കാണെന്ന് ഡിസൈനര്‍ പ്രീതി വ്യക്തമാക്കി.
സംവിധായകന് രാജേഷ് മോഹനനാണ് ജയസൂര്യയുടെ മാലയുടെ ആദ്യ ആരാധകന്. പിന്നീട് ചിത്രത്തിന്റെ ക്യാമറാമാന് ആര്.ഡി രാജശേഖറിനും സംഘട്ടനം ഒരുക്കിയ ദിലീപ് സുബ്ബരയ്യനും മാല ഇഷ്ടപ്പെട്ടു. ഇവര്‍ക്ക് ജയസൂര്യ മാല ഉണ്ടാക്കി നല്കി. പിന്നീട് ചിത്രത്തിന്റെ ട്രെയിലറും ഗാനരംഗങ്ങളും ഇറങ്ങിയപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ മാലയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ജയസൂര്യയെ തേടിയെത്തി.
സംഗീത സംവിധായകന് രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. ജയസൂര്യയ്ക്ക് ഒപ്പമുളള ഫ്രൈഡേ ഫിലിംസിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്. ഡിസംബര്‍ 20 ന് ചിത്രം തീയറ്ററുകളില്‍ എത്തും.















