ജലന്ധര്‍: ദേശീയ സ്‌ക്കൂള്‍ കായിക മേളയില്‍ കേരളം കിരീടം തിരിച്ചുപിടിച്ചു.
കടുത്ത തണുപ്പിനെ അതിജീവിച്ച കേരളം 8 സ്വര്‍ണ്ണവും 6 വെള്ളിയും 10 വെങ്കലവുമടക്കമാണ് ചാമ്പ്യന്മാരായത്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. 273 പോയിന്റുകളാണ് കേരളം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രക്ക് 247 പോയിന്റാണ് നേടാനായത്.
പെണ്‍കുട്ടികളിലെ സീനിയര്‍ താരം ആന്‍സി സോജന്റെ നാല് മെഡല്‍ നേട്ടമാണ് കേരളത്തിന് പ്രത്യേകതയായത്. 100, 200 മീറ്ററുകളിലും റിലേയിലും ലോംഗ്ജംപിലും ആന്‍സി സ്വര്‍ണ്ണം കൊയ്തു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തെ രക്ഷിച്ചത്.101 പോയിന്റുകളുമായി പെണ്‍കുട്ടികള്‍ ചാമ്പ്യന്മാരായപ്പോള്‍ ആണ്‍കുട്ടികള്‍ 58 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തായി
അവസാന ദിനമായ ഇന്ന് 4×400 മീറ്റര്‍ ആണ്‍കുട്ടികളുടെ സ്വര്‍ണ്ണനേട്ടവും പെണ്‍കുട്ടികളുടെ വെള്ളി നേട്ടവും കരുത്തായി. ആദ്യ മൂന്ന് ദിനത്തിലും പ്രതികൂല കാലവസ്ഥ കേരളാ താരങ്ങളെ നന്നായി ബാധിച്ചു. മത്സരിച്ച എല്ലാ ഇനത്തിലും കേരള സബ് ജൂനിയര്‍, ജൂനിയര്‍ താരങ്ങള്‍ പ്രകടനം നടത്താനാകാതെ വിഷമിച്ചതിന്റെ കുറവ് സീനിയര്‍ താരങ്ങളാണ് നികത്തിയത്.















