കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം ഇന്ന്. കൊല്‍ക്കത്തയിലാണ് ലേലം നടക്കുക. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുള്ളതിനാല്‍ ലേലം മാറ്റിവെക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലേലം നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ബിസിസിഐ അറിയിച്ചു.
186 ഇന്ത്യന്‍ താരങ്ങളടക്കം ആകെ 332 കളിക്കാരാണ് ഇത്തവണത്തെ താരലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്നും 73 പേര്‍ക്കെ ടീമുകളില്‍ ഇടം ലഭിക്കുകയുള്ളൂ. ഇവരില്‍ 29 പേര്‍ വിദേശ താരങ്ങളായിരിക്കും. സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരങ്ങളെ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കുക.
കളിക്കാരുടെ അടിസ്ഥാന വില 1.5 കോടി രൂപയും ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില 2 കോടി രൂപയുമാണ്. ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്മെന്റ് കൈമാറിയിരുന്നു. അടിസ്ഥാന വിലയുള്ള ഏക ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ്.















