മുംബൈ : ക്രിക്കറ്റിനായി മാത്രം ജീവിക്കുക,നല്ല ചിലവ് വരുന്ന കളി ഉപകരണങ്ങള്‍ക്കായി പാനീപ്പൂരി കച്ചവടം ചെയ്ത് പണം കണ്ടെത്തുക. സ്ഥിരം പണി എടുത്തിരുന്ന സ്ഥാപനം പുറത്താക്കിയപ്പോള്‍ ഒരു ക്ലബ്ബിലെ ഹാളില്‍ കിടന്നുറങ്ങുക. ഇന്ന് ഇന്ത്യയുടെ യുവനിരയില്‍ ഏറ്റവും അധിക ശ്രദ്ധ നേടാന്‍ പോകുന്ന ഓള്‍ റൗണ്ടറാവുകയാണ് യശസ്വി ജയ്‌സ്വാളെന്ന കൗമാരതാരം. ഉത്തര്‍പ്രദേശില്‍ ജനിച്ച് മുംബൈക്കായി കളിക്കുന്ന യശസ്വി വരാനിരിക്കുന്ന അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കും.
സച്ചിനും ബാറ്റിംഗ് പ്രതിഭയായ വസീംജാഫറും ആരാധനാ പുരുഷന്മാരാണെന്ന് സമ്മതിക്കുന്ന യശസ്വി സച്ചിനെപ്പോലെ മികച്ച ബാറ്റ്‌സ്മാനാകാനുള്ള കഠിന പരിശ്രമത്തിലാണ്. 3 വര്‍ഷത്തോളം മുംബൈയില്‍ ഒരു കടയില്‍ ജോലി ചെയ്തുകൊണ്ട് ആസാദ് മൈതാനത്ത് നടത്തിയ പരിശ്രമത്തിന് അത്ഭുതകരമായ പ്രതിഫലമാണ് കിട്ടിയിരിക്കുന്നതെന്ന് പരിശീലകര്‍ പറയുന്നു. അന്ന് യശസ്വിയുടെ പ്രായം വെറും 11 വയസ്സ്.
മുംബൈക്കായി കളിക്കുന്ന യശസ്വിയുടെ പേരിലാണ് ലിസ്റ്റ് ഏ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയുടെ ലോക റെക്കോഡുള്ളത്. 17 വയസ്സും 292 ദിവസവുമുള്ളപ്പോളാണ് യശസ്വി ഇരട്ട സെഞ്ച്വറി നേടിയത്. ഓപ്പണറായിറങ്ങുന്ന സ്റ്റൈലിഷ് ബാറ്റ്‌സ്മാനെന്ന നിലയിലാണ് യശസ്സ്വി മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍പോലും പ്രശസ്തി നേടിയിരിക്കുന്നത്. മികച്ച ലെഗ് ബ്രേക്ക് ബൗളര്‍ കൂടിയാണ് യശസ്സ്വി. ആസാദ് മൈതാനത്തിലെ കളിക്കിടെയാണ് മികച്ച പരിശീലകരിലൊരാളായ ജ്വാല സിംഗ് യശസ്സ്വിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് സാന്റാക്രൂസ്സ് അക്കാദമിയിലേക്ക് ക്ഷണിക്കുന്നത്. മുംബൈയില്‍ യശസ്സ്വിയുടെ ഔദ്യോഗിക രക്ഷാകര്‍ത്താവും നിലവില്‍ ജ്വാലാ സിംഗാണ്.
സ്‌ക്കൂള്‍ ക്രിക്കറ്റില്‍ 2015ല്‍ പുറത്താകാതെ നേടിയ 319 റണ്‍സും 99 റണ്‍സിന് 13 വിക്കറ്റും നേടിയത് ലിംകാ ബുക്‌സ് ഓഫ് റെക്കോഡ്‌സിലിടം പിടിച്ചു. 2018 അണ്ടര്‍-19ല്‍ 318 റണ്‍സും നേടി ഏഷ്യാക്കപ്പിലെ താരമായി. അണ്ടര്‍-19ല്‍ ഇംഗ്ലണ്ടും ബംഗ്ലാദേശുമടങ്ങുന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ 7 മത്സരങ്ങളിലായി 294 റണ്‍സാണ് യശസ്വി നേടിയത്. 2019 ജനുവരിയിലായിരുന്നു മുംബൈക്കായി ആദ്യ രഞ്ജി ട്രോഫി അരങ്ങേറ്റം.തുടര്‍ന്ന് വിജയ്ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ നേടിയ 203 റണ്‍സ് സെലക്ടര്‍മാരെ ഞെട്ടിച്ചു. നിലവില്‍ ടീം ഇന്ത്യയുടെ അണ്ടര്‍ -19 പട്ടികയില്‍ യശസ്വി സ്ഥാനവും പിടിച്ചുകഴിഞ്ഞു.















