ലണ്ടന്‍: ക്രിസ്മസ്സിന് മുന്‍പുള്ള മത്സരങ്ങളില്‍ ലെസ്റ്ററിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ആഴ്‌സണല്‍ എവര്‍ട്ടണിനെതിരെ സമനില വഴങ്ങേണ്ടിവന്നു. ഇന്നലെ നടന്ന ഏഴു മത്സരങ്ങളില്‍ ജയവും സമനിലയുമായി ടീമുകള്‍ മുന്നേറിയിരിക്കുകയാണ്. ആഴ്‌സണല്‍ എവര്‍ട്ടണ്‍ മത്സരം ഇന്നലെ സമനിലയില്‍ കലാശിച്ചു. സതാംപ്ടണ്‍, ന്യൂകാസില്‍, വൂള്‍വ്‌സ്, ബേണ്‍ലീ, ഷെഫ് യുണൈറ്റഡ് എന്നിവര്‍ ജയം നേടി.
ലീഗിലെ മുന്‍നിര ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റി മത്സരമാണ് ഏറെ ശ്രദ്ധനേടിയത്. കളിയുടെ 22-ാം മിനിറ്റില്‍ ലെസ്റ്ററാണ് മുന്നിലെത്തിയത്. ജാമി വാര്‍ഡിയാണ് ലെസ്ര്‌റററിനായി ഏക ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റി മടക്കിയത്.30-ാം മിനിറ്റില്‍ റിയാദ് മഹ്‌റസ് സമനില ഗോള്‍ നേടി. 43-ാം മിനിറ്റില്‍ ഇല്‍കേ ഗുണ്‍ഡോഗന്‍ പെനാല്‍റ്റിയിലൂടെ ലീഡ് നേടി. രണ്ടാം പകുതിയില്‍ ഗാബ്രിയേല്‍ ജീസസ് 69-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി സിറ്റിയുടെ ജയം ആധികാരികമാക്കി.
മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ ക്രിസ്റ്റല്‍ പാലസിനെയും ബേണ്‍ലി ബേണ്‍മൗത്തിനേയും ഷെഫ് യുണൈറ്റഡ് ബ്രൈറ്റണിനേയും ഒറ്റ ഗോളിന് പരാജയപ്പെടുത്തിയപ്പോള്‍ വൂള്‍വ്‌സ് നോര്‍വിച്ചിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്.















