ന്യൂഡല്‍ഹി: 2004ല്‍ ബംഗ്ലാദേശിനെതിരെ ഏറെ പ്രതീക്ഷകളോടെ ഒരു നീളന്‍ മുടിക്കാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടീമില്‍ അരംങ്ങേറ്റം കുറിച്ചു. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ റണ്‍സൊന്നും നേടാനാകാതെ റണ്‍ ഔട്ട് ആകാനായിരുന്നു ആ പയ്യന്റെ വിധി. എന്നാല്‍ പിന്നീട് അങ്ങോട്ട് ക്രിക്കറ്റിലെ നാഴികക്കല്ലുകള്‍ ഓരോന്ന് ഓരോന്നായി കീഴടക്കിക്കൊണ്ടുള്ള ജൈത്രയാത്രയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് അഭിമാനത്തോടെ പറഞ്ഞു, മഹേന്ദ്ര സിംഗ് ധോണിയാണ് ഞങ്ങളുടെ നായകന്‍…
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകനെന്നും ഫിനിഷറെന്നും വിക്കറ്റ് കീപ്പറെന്നും ഒക്കെ ക്രിക്കറ്റ് ലോകം വാഴ്‌ത്തുമ്പോള്‍ ഇതിനെല്ലാം ഉപരിയായി താന്‍ ക്രിക്കറ്റിനേയും ഒപ്പം തന്റെ മാതൃരാജ്യത്തേയും എത്രമാത്രം സ്‌നേഹിക്കുന്നു എന്നാണ് ധോണി തെളിയിക്കുന്നത്. ദീര്‍ഘ നാളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്ന ധോണി ഇക്കാലയളവില്‍ സൈനിക പരിശീലനത്തിലായിരുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ഉയരങ്ങള്‍ കീഴടക്കിയ ധോണി അസാധ്യമായതായി ഒന്നുമില്ലെന്നാണ് തെളിയിച്ചു കാണിച്ചത്. 2007ല്‍ പ്രഥമ ട്വന്റി20 ലോകകപ്പില്‍ നായകനായ ധോണി കിരീടത്തില്‍ മുത്തമിട്ടു. ഇതോടെ ഏകദിന ക്രിക്കറ്റിലും അദ്ദേഹം നായകനായി മാറി. ലോകകിരീടത്തില്‍ മുത്തമിടണമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങളുടെ കാത്തിരിപ്പ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ടപ്പോള്‍ അവിടെയും ധോണിയെന്ന നായകന്‍ മുന്നില്‍ നിന്ന് പടനയിച്ചു. മുംബൈയില്‍ 2011ല്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നുവാന്‍ കുലശേഖരയെ അതിര്‍ത്തി കടത്തി 28 വര്‍ഷങ്ങള്‍ക്കു ശേഷം നേടിയ വിജയം രാജ്യം ഇന്നും അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.

പ്രഗത്ഭരായ താരങ്ങളാല്‍ സമ്പന്നമായിരുന്നിട്ടും ഓസ്‌ട്രേലിയന്‍ നായകനായിരുന്ന ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിന് പോലും ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികള്‍ സ്വന്തമാക്കാനായിരുന്നില്ല. എന്നാല്‍ ധോണിയെന്ന നായകന്‍ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി ചരിത്രം തിരുത്തിയെഴുതി. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുവരെ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടില്ലെന്നത് ധോണിയിലെ നായകനെ വ്യത്യസ്തനാക്കുന്നു. മൂന്ന് തവണ ചെന്നൈ ജേതാക്കളാകുകയും ചെയ്തു.
ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ, ശാന്തനായി എതിര്‍ ടീമില്‍ നിന്ന് ധോണി വിജയം പിടിച്ചെടുക്കുന്ന കാഴ്ച ഇതിനകം എത്രയോ തവണ ക്രിക്കറ്റ് ലോകം കണ്ടു കഴിഞ്ഞിരിക്കുന്നു. കണ്ണിമ ചിമ്മുന്ന നേരം കൊണ്ട് നടത്തിയിട്ടുള്ള സ്റ്റംപിംഗുകളും ഇന്ത്യക്ക് ഓട്ടേറെ തവണ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനും ഇനിയും പകരക്കാരെ കണ്ടെത്താനായിട്ടില്ല. ധോണിയുടെ പകരക്കാരനെന്ന് വിളിപ്പേര് ലഭിക്കാറുള്ള താരങ്ങളും താളം കണ്ടെത്താനാകാതെ പതറുമ്പോള്‍ ധോണിയുടെ മടങ്ങി വരവിനായി മുറവിളി കൂട്ടുകയാണ് ആരാധകര്‍.
ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് എന്നു കേള്‍ക്കുമ്പോള്‍ സെമി ഫൈനലിലെ ധോണിയുടെ റണ്‍ ഔട്ടാണ് ആരാധകരുടെ മനസിലേക്ക് ഓടിയെത്തുക. ധോണിയുടെ ബാറ്റും ക്രീസും തമ്മിലുണ്ടായിരുന്ന ദൂരത്തിനിടയില്‍ പൊലിഞ്ഞത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളായിരുന്നു. കണ്ണീരോടെ അന്ന് കളം വിട്ട ധോണി പിന്നീട് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ആദ്യ മത്സരവും അവസാന മത്സരവും റണ്‍ ഔട്ട് ആയത് ധോണിയുടെ കരിയര്‍ അവസാനിച്ചതിന്റെ സൂചനയായി വിലയിരുത്തുമ്പോഴും അദ്ദേഹം വീണ്ടും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ധോണി 38.09 റണ്‍സ് ശരാശരിയില്‍ 4876 റണ്‍സ് നേടിയിട്ടുണ്ട്. 350 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍സും 98 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 37.60 ശരാശരിയില്‍ 1617 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മൊത്തം 17,266 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.















