കൊച്ചി: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കി കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ക്രിസ്മസ് ആഘോഷം തൃക്കാക്കര കരുണാലയം ചാരിറ്റബിള്‍ വാര്‍ദ്ധക്യകാല വസതിയില്‍ നടന്നു. കരുണാലയത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് അംഗങ്ങളെ വാര്‍ദ്ധക്യകാല വസതിയിലെ അമ്മമാര്‍ സ്‌നേഹ വാത്സല്യങ്ങളോടെ സ്വീകരിച്ചു.
120 പേരാണ് കരുണാലയത്തില്‍ ഉണ്ടായിരുന്നത്. കരുണാലയത്തിലെ എല്ലാ അന്തേവാസികള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടാണ് ടീം ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ക്യാപ്റ്റന്‍ ബര്‍ത്തലോമിവ് ഒഗ്ബച്ചേയുടെ കുട്ടികള്‍ ക്രിസ്മസ് കേക്കുകള്‍ മുറിച്ച് അന്തേവാസികളായ അമ്മമാര്‍ക്ക് വിതരണം ചെയ്തു. ശേഷം ഏവരും ചേര്‍ന്ന് ലഘുഭക്ഷണം പങ്കിട്ടു.
പിന്നീട് ബാര്‍ത്തലോമിവ് ഒഗ്ബെച്ചെയും കുടുംബവും, റാഫേല്‍ മെസ്സി ബൗളി, വ്‌ലാറ്റ്‌കോ ഡ്രോബറോവ്, രാഹുല്‍ കെ. പി എന്നിവര്‍ അമ്മമാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ക്രിസ്മസിന്റെ ആവേശം പകര്‍ന്നുകൊണ്ട്, അന്തേവാസികള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചും ക്രിസ്മസ് ആശംസകള്‍ നല്‍കിയും കളിക്കാരുമായി ഇടപഴകി. സമൂഹത്തിലെ എല്ലാവര്‍ക്കും പരിധിയില്ലാത്ത സന്തോഷം പകരാനാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തരം സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
















