ന്യൂഡല്‍ഹി: ഈ ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി രവിചന്ദ്രന്‍ അശ്വിന്‍. ടെസ്റ്റിലും ഏകദിനത്തിനും പുറമെ ട്വന്റി20യിലും മികച്ച ഫോമിലായിരുന്ന അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലുമായി 564 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അഭിമാന നേട്ടത്തില്‍ അശ്വിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്തെത്തി.
ഈ ദശാബ്ദത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് അശ്വിനാണെന്നും പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതായി തോന്നുന്നു എന്നുമാണ് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ ദശാബ്ദത്തിലെ ടെസ്റ്റ് ടീമിലും അശ്വിന്‍ ഇടം പിടിച്ചിരുന്നു. അശ്വിനും കോഹ്‌ലിയുമാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഇന്ത്യക്കാര്‍.
Most international wickets for ashwin this decade @ashwinravi99 @bcci .. what an effort .. just get a Feeling it goes unnoticed at times .. super stuff .. pic.twitter.com/TYBCHnr0Ow
— Sourav Ganguly (@SGanguly99) December 24, 2019
ഇംഗ്ലണ്ടിന്റെ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ മറികടന്നാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 535 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് 525 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഇവര്‍ക്കു പുറമെ ന്യൂസിലാന്‍ഡ് താരങ്ങളായ ട്രെന്റ് ബോള്‍ട്ടും(472) ടിം സൗത്തിയും(458) ആദ്യ അഞ്ച് പേരുടെ പട്ടികയില്‍ ഇടംനേടി.















