പാലക്കാട്: രണ്ടാമൂഴം സിനിമയ്‌ക്കായി ചെലവാക്കിയ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. രണ്ടാമൂഴം സിനിമക്കായി ഇതുവരെ ചെലവാക്കിയ പണവും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയ വകയില്‍ 1.25 കോടി രൂപ എംടിയ്‌ക്ക് നേരിട്ടും 75 ലക്ഷം രൂപ അദ്ദേഹം നിര്‍ദ്ദേശിച്ച അംഗീകൃത പ്രതിനിധിയായ പൈപ്പിന്‍ തോമസിനും നല്‍കിയിരുന്നു. ആകെ 2 കോടി രൂപയായിരുന്നു തിരക്കഥയ്‌ക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. ഇത് കൂടാതെ നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി 12.5 കോടി രൂപയും ഷൂട്ടിംഗ് പോലും തുടങ്ങാത്ത ചിത്രത്തിനായി ശ്രീകുമാര്‍ ചെലവാക്കിയിട്ടുണ്ട്. ഈ തുകയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
രണ്ടാമൂഴം പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണെന്നാണ് വക്കീല്‍ നോട്ടീസ് പറയുന്നത്. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നെയും കുറെ മാസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം ചര്‍ച്ചകള്‍ നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും 18 മാസം കഴിഞ്ഞിരുന്നു.
തിരക്കഥയ്‌ക്ക് അന്തിമ രൂപമായതിന് ശേഷമാണ് പ്രീപ്രൊഡക്ഷന്‍ ജോലികള്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ആരംഭിച്ചത്. ഈ കാലയളവ് കാണിക്കാതെയാണ് സമയം തെറ്റിച്ചുവെന്നാരോപിച്ച് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോഴിക്കോട് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതോടെ എംടിയെ വിശ്വസിച്ച് പണമിറക്കിയതും രണ്ടാമൂഴം തിരക്കഥയെ പരിപൂര്‍ണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം ഇതോടെ പാഴായെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.















