ന്യൂഡല്‍ഹി: ബോക്സോഫീസില്‍ തരംഗമായി ‘താനാജി ദി അണ്‍സങ് വാരിയര്‍’. അജയ് ദേവ്ഗണ് നായകനായ ചിത്രം റിലീസ് ചെയ്ത ആദ്യവാരത്തില്‍ തന്നെ 100 കോടി ക്ലബില്‍ ഇടംനേടി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം ആറ് ദിവസത്തിനുള്ളില്‍ 107.68 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
ബുധനാഴ്ച 16.72 കോടി രൂപ കളക്ഷന്‍ ലഭിച്ചതോടെയാണ് താനാജി 100 കോടി ക്ലബില്‍ പ്രവേശിച്ചത്. റിലീസ് ചെയ്ത ദവസം തന്നെ ചിത്രം 15.10 കോടി രൂപ നേടിയിരുന്നു. തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ താനാജി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്നു. ശനിയാഴ്ച 20.57 കോടിയും ഞായറാഴ്ച 26.26 കോടിയുമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. തുടര്‍ന്ന് തിങ്കള്‍(13.75 കോടി), ചൊവ്വ(15.28), ബുധന്‍(16.72) ദിവസങ്ങളിലും വിജയകരമായി തന്നെ പ്രദര്‍ശനം തുടര്‍ന്നതോടെയാണ് താനാജി ബോക്സോഫീസില്‍ ചരിത്രം കുറിക്കുന്നത്.
അതേസമയം, ദീപിക പദുകോണ്‍ പ്രധാന വേഷത്തിലെത്തിയ ഛാപക്കിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോഴും ചിത്രം 26.53 കോടി രൂപ മാത്രമാണ് നേടിയത്. ആദ്യ ദിനം ചിത്രത്തിന് 4.77 കോടി രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ശനിയാഴ്ച 6.90 കോടി രൂപയും ഞായറാഴ്ച 7.35 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്. തിങ്കള്‍(2.35 കോടി), ചൊവ്വ(2.55), ബുധന്‍(2.61) ദിവസങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല.