ലണ്ടന്‍: പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്നലെ സമനിലകുരുക്ക്. ഇന്നലെ നടന്ന എട്ടു മത്സരങ്ങളില്‍ അഞ്ചെണ്ണവും സമനിലയിലാണ് കലാശിച്ചത്. ഇതിനിടെ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ ഞെട്ടിച്ചപ്പോള്‍ സതാപ്ടണെതിരെ വൂള്‍വ്‌സ് മികച്ച ജയം നേടി.
പ്രമുഖ ടീമുകള്‍ക്കൊന്നും ഇന്നലെ ജയിക്കാനായില്ല. ടോട്ടനം വാട്‌ഫോഡിനെതിരെ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആസ്റ്റണ്‍ വില്ല- ബ്രൈറ്റണ്‍, മാഞ്ചസ്റ്റര്‍ സിറ്റി- ക്രിസ്റ്റല്‍ പാലസ്, ആഴ്‌സണല്‍-ഷെഫ് യുണൈറ്റഡ്, വെസ്റ്റ്ഹാം- എവര്‍ട്ടണ്‍ മത്സരങ്ങള്‍ പരസ്പരം ഗോളുകളടിച്ച് സമനില കൊണ്ട് തൃപ്തിപ്പെട്ടു.
ന്യൂകാസിലിനെതിരെ ചെല്‍സിക്ക് അവസാന നിമിഷത്തിലെ ഗോളില്‍ പരാജയം നുണയേണ്ടിവന്നു. ന്യൂകാസിലിന്റെ ഐസക്കാണ് 94-ാം മിനിറ്റില്‍ ഗോളടിച്ച് ചെല്‍സിയെ ഞെട്ടിച്ചത്. അതേസമയം, സതാപ്ടണിനെതിരെ 3-2നായിരുന്നു വൂള്‍വ്‌സിന്റെ ജയം.15-ാം മിനിറ്റില്‍ ജാനും 35-ാം മിനിറ്റില്‍ ലോംഗും സതാംപ്ടണിന് 2-0ന്റെ ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ കളി തിരിച്ച വൂള്‍വ്‌സ് പെഡ്രോയിലൂടെ 53-ാം മിനിറ്റില്‍ ലീഡ് 1-2 ആക്കി കുറച്ചു. തുടര്‍ന്ന് റൗളിന്റെ വക 65, 76 മിനിറ്റുകളിലെ ഇരട്ട ഗോളുകളിലൂടെ വൂള്‍വ്‌സ് 3-2ന് ജയം പിടിച്ചെടുക്കുകയായിരുന്നു.
സെര്‍ജീ അഗ്യൂറോയുടെ ഇരട്ട ഗോളിനിടെ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ ഉറപ്പിച്ച ജയം തട്ടിക്കളഞ്ഞു. ക്രിസ്റ്റല്‍ പാലസ് 39-ാം മിനിറ്റില്‍ സെംഗ് തോസുനിലൂടെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയതോടെ അവസാന നിമിഷം വരെ ഗോളുകള്‍ വീണില്ല. എന്നാല്‍ സെര്‍ജീ അഗ്യൂറോയുടെ മികച്ച മുന്നേറ്റം ഇരട്ട ഗോളുകളിലാണ് അവസാനിച്ചത്. 82, 87 മിനിറ്റുകളിലാണ് അഗ്യൂറോ ഗോളടിച്ചത്. 2-1ന് ജയം ഉറപ്പിച്ചുനില്‍ക്കേയാണ് 90-ാം മിനിറ്റില്‍ ഫെര്‍ണാണ്ടിനോയുടെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ മുന്‍തൂക്കം കളഞ്ഞുകുളിച്ചത്.
രണ്ടാം മത്സരത്തില്‍ ആഴ്‌സണല്‍ 45-ാം മിനിറ്റില്‍ ഷെഫ് യുണൈറ്റഡിനെതിരെ മുന്നിലെത്തിയെങ്കിലും ഷെഫിന്റെ ജോണ്‍ ഫ്‌ലെക്ക് 83-ാം മിനിറ്റില്‍ സമനില പിടിച്ചു. ആസ്റ്റണ്‍ ബ്രൈറ്റണ്‍ മത്സരത്തില്‍ ലിയാന്‍ഡ്രോയിലൂടെ 38-ാം മിനിറ്റില്‍ ബ്രൈറ്റണ്‍ മുന്നിലെത്തിയിട്ടും വില്ല 75-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിലൂടെ ഗോള്‍ മടക്കി.വെസ്റ്റ്ഹാം- എവര്‍ട്ടണ്‍ മത്സരവും ഓരോ ഗോളുവീതമടിച്ച് സമനിലയിലാണ് അവസാനിച്ചത്.















