ബാഴ്‌സലോണ: മുന്‍ പരിശീലകന്‍ ഏര്‍ണെസ്റ്റോ വാല്‍വെര്‍ദക്ക് പകരക്കാരനായെത്തിയ ക്വീക്കെ സെറ്റിയനു കീഴില്‍ ബാഴ്‌സലോണക്ക് വിജയം. ഗ്രാനഡക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്.
പതിവുപോലെ പന്ത് കൈവശം വെച്ചുള്ള കളി തന്നെയാണ് ആദ്യ പകുതിയില്‍ ബാഴ്‌സലോണ പുറത്തെടുത്തത്. പരിക്കേറ്റ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരെസിനു പകരം യുവതാരം അന്‍സു ഫാറ്റിയാണ് മെസിക്കും ഗ്രീസ്മാനുമൊപ്പം മുന്നേറ്റ നിരയില്‍ കളിച്ചത്. ആദ്യ പകുതിയില്‍ 508 പാസുകളാണ് ബാഴ്‌സ പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഒരേയൊരു ഗോള്‍ പിറന്നത്. 76ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ നിന്നും മെസി തൊടുത്ത ഷോട്ട് ഗ്രാനഡ ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി വലയിലെത്തി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്തെത്തി. 20 മത്സരങ്ങളില്‍ 13 വിജയങ്ങള്‍ ഉള്ള ബാഴ്‌സ 43 പോയിന്റുമായി ഒന്നാമതും അത്ര തന്നെ മത്സരത്തില്‍ 12 വിജയങ്ങള്‍ ഉള്‍പ്പെടെ 43 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.















