സെന്റ്കിറ്റ്‌സ്: അയര്‍ലന്റിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി വിന്‍ഡീസ് ടി20 പരമ്പര 1-1ന് സമനിലയിലാക്കി. സ്‌ക്കോര്‍: അയര്‍ലന്റ് -138, വിന്‍ഡീസ് 1-141. ടോസ്സ് നേടിയ വിന്‍ഡീസ് അയര്‍ലന്റിനെ ബാറ്റിംഗിനയച്ചു. ഒ ബ്രയാന്‍ മാത്രമാണ് ബാറ്റിംഗില്‍ എന്തെങ്കിലും ചെയ്യാനായത്. 36 റണ്‍സാണ് ഒ ബ്രയാന് നേടാനായത്. 17 റണ്‍സിന് 3 വിക്കറ്റ് വീഴ്‌ത്തി നായകന്‍ കീറന്‍ പൊള്ളാഡ് സന്ദര്‍ശകരെ ചെറിയ സ്‌ക്കോറിലൊതുക്കി.ആദ്യ ടി20യില്‍ വിന്‍ഡീസിന്റെ 204നെതിരെ 208 എടുത്ത് അയര്‍ലന്റ് ഞെട്ടിച്ചിരുന്നു. രണ്ടാം ടി20 മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍മാര്‍ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. ലെന്‍ഡല്‍ സിമണ്‍സ് 40 പന്തില്‍ 91 റണ്‍സുമായി പുറക്കാകാതെ നിന്നപ്പോള്‍ എവിന്‍ ലൂയിസ് 25 പന്തില്‍ 46 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. ആദ്യ 5 ഓവറുകളില്‍ത്തന്നെ ഇരുവരും സക്കോര്‍ 50 കടത്തി. 9-ാം ഓവറില്‍ സെഞ്ച്വറി കൂട്ടുകെട്ട് കടക്കുമ്പോഴേക്കും ഇരുവരും 13 സിക്‌സറുകളും പറത്തിയിരുന്നു. 54 പന്തുകള്‍ ശേഷിക്കെ 9 വിക്കറ്റ് ബാക്കി നിര്‍ത്തി വിന്‍ഡീസ് രണ്ടാം ടി20യും പരമ്പരയും സ്വന്തമാക്കി.















