ലിംങ്കണ്‍: ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കപ്പെട്ട സഞ്ജു സാംസണിന്റേയും പൃഥ്വി ഷായുടേയും മികവില്‍ ഇന്ത്യ എ ടീം ന്യൂസിലാന്റ് എ ടീമിനെതിരെ ഗംഭീര ജയം നേടി. പൃഥ്വി ഷാ 35 പന്തില്‍ 48 റണ്‍സും സഞ്ജു 21 പന്തില്‍ 39 റണ്‍സും നേടിയാണ് ഇന്ത്യക്ക് ജയം നല്‍കിയത്. കിവികളുടെ 231 റണ്‍സ് വിജയലക്ഷ്യം 20 ഓവറുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി. ഓപ്പണറും ഇന്ത്യന്‍ വംശജനുമായ രെചിന്‍ രവീന്ദ്രയാണ് 49 റണ്‍സുമായി ടോപ് സക്കോററായത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ ടോം ബ്രൂസും(47), കോള്‍ മെക്കോണ്‍ചീയും(34)മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യക്കായി മുഹമ്മജ് സിറാജ് 33ന് 3 വിക്കറ്റും അഹമ്മദും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ പൃഥ്വീ ഷാ(48)യും മായങ്ക് അഗര്‍വളും(29) മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും(30), സഞ്ജുവും(39), സൂര്യകുമാര്‍ യാദവും(35) ചേര്‍ന്ന് അനായാസം ഇന്ത്യന്‍ എ ടീമിന് ജയം നല്‍കി. വിജയം വേഗത്തിലാക്കിക്കൊണ്ട് വിജയ്ശങ്കറും(20) ക്രൂണാല്‍ പാണ്ഡ്യ(15)യും 29.3 ഓവറിനുള്ളില്‍ കളി ഇന്ത്യക്കനുകൂലമാക്കി.
ശിഖര്‍ ധവാന്റെ പരിക്കുകാരണം ടീമിലേക്ക് തിരികെവിളിക്കപ്പെട്ട സഞ്ജുവും പരിക്കുമാറി വന്ന പൃഥ്വി ഷായും സുപ്രധാന പരമ്പരക്ക് മുന്‍പ് തിളങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷനല്‍കുകയാണ്.















