മുംബൈ : അജയ് ദേവ്ഗൺ നായക വേഷത്തിൽ അഭിനയിച്ച താനാജി ദ അൺസംഗ് ഹീറോ ഇരുനൂറു കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് പതിനഞ്ചാം ദിവസമാണ് താനാജി ഇരുനൂറു കോടി ക്ലബ്ബിൽ ഇടം നേടിയത്. അതേ സമയം ബോസോഫീസിൽ ചലനമുണ്ടാക്കാതെ ദീപിക പദുക്കോണിന്റെ ഛപാക് പരാജയമായി.
ഛത്രപതി ശിവാജിയുടെ സേനാനായകനായിരുന്ന താനാജി മാലുസരേയുടെ കഥ പറയുന്ന സിനിമയാണ് താനാജി. കൊണ്ടാന കോട്ട മുഗളരിൽ നിന്ന് തിരിച്ചു പിടിക്കാൻ പോരാടുന്നതിനിടയിൽ വീര മൃത്യു വരിച്ച താനാജി മറാത്ത വിക്രമ വീര്യത്തിന്റെ മകുടോദാഹരണങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. കൊണ്ടാന കോട്ടയ്ക്ക് തന്റെ കരുത്തനായ കമാൻഡറെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ സിഹ ഗഢ് എന്ന് പേരു നൽകിയത് ശിവാജിയായിരുന്നു. ഇതെല്ലാം വളരെ മിഴിവോടെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്.
താനാജി വൻ ഹിറ്റാക്കിയതിന് അജയ് ദേവ്ഗൺ പ്രേഷകർക്ക് നന്ദി അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പ്രേഷകർക്ക് നന്ദി പറഞ്ഞത്. തുടക്കത്തിൽ തന്നെ കളക്ഷനിൽ വൻ കുതിച്ചു കയറ്റമായിരുന്നു സിനിമയ്ക്ക്. ഈ ആവേശം ചോരാതെ സിനിമ ഇപ്പോഴും മുന്നോട്ടു പോവുകയാണെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ.
അതേസമയം ദീപിക പദുക്കോൺ അഭിനയിച്ച ഛാപക് ബോക്സോഫീസിൽ പരാജയമായി. സിഎഎ വിരുദ്ധ വിഘടനവാദ രാഷ്ട്രീയത്തെ പിന്തുണച്ച് ജെ.എൻ.യു സമരത്തിനെത്തിയ ദീപികക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോശം തിരക്കഥയും സംവിധാനവും മാത്രമല്ല ദീപികയുടെ ജെ.എൻ.യു സന്ദർശനവും ഛാപകിന് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.















