ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ചൈന അനുമതി നല്കി. നേരത്തെ വുഹാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനെ ചൈന തടഞ്ഞിരുന്നു. കേന്ദ്രം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യക്കാരെ മടങ്ങാന്‍ ചൈന അനുവദിച്ചത്. പകര്‍ച്ചവ്യാധി മേഖലകളില്‍ നിന്നും മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വുഹാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞത്.
വുഹാനില്‍ കുടുങ്ങി കിടക്കുന്ന 250 ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനായി ഇന്ന് അര്‍ധരാത്രി മുംബൈയില്‍ നിന്നും വിമാനം ചൈനയിലേക്ക് യാത്രതിരിക്കും. ചൈനയില്‍ നിന്നും ഇന്ത്യിലേക്ക് മടങ്ങി എത്തുന്നവരെ 14 ദിവസം പ്രത്യേകം നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ജനുവരി 27 ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നത തലയോഗം ചേര്‍ന്നതിന് ശേഷമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കിയത്.