Movie ReviewsEntertainment

അഞ്ചാംപാതിരയല്ല അന്വേഷണം

സുബീഷ് തെക്കൂട്ട്

അഞ്ചാംപാതിരയെ കുറിച്ച് എന്തുകൊണ്ട് എഴുതിയില്ല എന്ന് പലരും ചോദിച്ചു. രാക്ഷസൻ എന്ന തമിഴ് ചിത്രം നേരത്തെ കണ്ടതിനാൽ എന്നായിരുന്നു എന്റെ മറുപടി. അന്വേഷണം പക്ഷെ, അതല്ല. ട്രെയിലറിലെ ത്രില്ലർ സ്വഭാവത്തിനപ്പുറം, ഒരു കുറ്റാന്വേഷണത്തിന്റെ പതിവ് രീതികൾക്കപ്പുറം ആഴത്തിൽ ചിലത് തൊടുന്നുണ്ട് അന്വേഷണം എന്ന ചിത്രം.

ഏത് കഥയിലും സംഭവിച്ചതെന്ത് അല്ലെങ്കിൽ സംഭവിച്ചതിന് പിറകിലാര് എന്ന ചോദ്യത്തിന്റെ ഉത്തരം തേടി പോവുക രസകരവും ഏറെ ശ്രമകരവുമാണ്. ഉത്തരം തേടി പോകുന്ന വഴികളിൽ ഒപ്പം കൂട്ടണം പ്രേക്ഷകനെ. സങ്കീർണത അധികമായാലും ഉത്തരത്തിലേക്കുള്ള വഴി എളുപ്പമാക്കിയാലും സംഗതി കൈവിട്ടുപോകും. അവൻ അല്ലെങ്കിൽ അവൾ കസേര വിട്ടെഴുന്നേറ്റ് പോകും. ഇതാ അയാളാണ് കൊലയാളി എന്ന തോന്നൽ ഉണ്ടാക്കി, ഒടുവിൽ മറ്റൊരാളിൽ കഥ അവസാനിപ്പിച്ച് കാണുന്നയാളിൽ നടുക്കമുണ്ടാക്കുന്നത് അടക്കം കഥ പറച്ചിലിൽ പല രീതികൾ ഉണ്ട്. ബോറടിപ്പിക്കരുത്, ത്രസിപ്പിക്കണം, അടിമുടി ആകാംക്ഷയുണ്ടാക്കണം, ചില രംഗങ്ങൾ കാണുമ്പോൾ പേടിച്ച് വിറയ്ക്കണം, കണ്ണുകൾ പൂട്ടണം, ഒടുവിൽ കാണിയെ കൊണ്ട് കയ്യടിപ്പിക്കാനാകണം. അപ്പോൾ നമ്മൾ പറയും മേക്കിംഗ് ഗംഭീരം എന്ന്. അപ്രകാരം മേക്കിംഗ് ഗംഭീരമായതിനാൽ ആണ് തമിഴിൽ രാക്ഷസനെ കണ്ട് ഞെട്ടിയ മലയാളി, മലയാളത്തിൽ അഞ്ചാംപാതിര കണ്ടപ്പോഴും കയ്യടിച്ചത്.

രാക്ഷസനിലും അഞ്ചാംപാതിരയിലും കണ്ട നഗരത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ പരമ്പരക്ക് പിറകിലെ കൊലയാളിയാര് എന്ന ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയല്ല അന്വേഷണത്തിൽ. ഫ്ളാറ്റിലെ നാല് ചുമരുകൾക്കകത്ത് സംഭവിക്കുന്ന ഒരു ക്രൈം. ഒരൊറ്റ നിമിഷത്തിലെ അബദ്ധമെന്നോ, അപക്വമായ എടുത്തുചാട്ടമെന്നോ പറയാവുന്ന പെട്ടെന്നുള്ള വികാരാവേശത്താൽ ചെയ്തു പോകുന്ന ഒരു പ്രവൃത്തി എപ്രകാരം ഗുരുതരമായ ക്രൈം ആയിമാറുന്നുവെന്ന് നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നുണ്ട് രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം.

ഒടുവിൽ സംഭവിക്കുന്ന ഒരു ട്വിസ്റ്റ്, കഥാന്ത്യത്തിലേക്ക് കരുതിവെച്ച സസ്‍പെൻസ്. ഇവയൊന്നും പ്രതീക്ഷിച്ചല്ല അന്വേഷണത്തിന് ടിക്കറ്റ് എടുക്കേണ്ടത്. എന്നാലോ അവസാനം വരേക്കും നമ്മെ പിടിച്ചിരുത്തുന്ന എന്തോ ചിലത് ഈ സിനിമയിലുണ്ട്. നാമെല്ലാം സമാനമായ ഘട്ടങ്ങളെ പലപ്പോഴും നേരിട്ടതു കൊണ്ടോ, അല്ലെങ്കിൽ ഭാവിയിൽ നേരിടേണ്ടി വരും എന്നതുകൊണ്ടോ അതുമല്ലെങ്കിൽ നമുക്കറിയാവുന്ന ഒരു കുടുംബത്തിൽ അത് സംഭവിച്ചിട്ടുണ്ട് എന്നതുകൊണ്ടോ ആകാം ആ ഭയം നമ്മെ കീഴടക്കുന്നത്. പലപ്പോഴും നാം വായിക്കുന്ന ഒരു പത്രവാർത്തക്ക് പിറകിലെ ചിലരുടെ നിസ്സഹായത, പെട്ടെന്ന് ചെയ്തു പോകുന്ന ഒന്നിന് പിറകെ സ്വജീവനേക്കാൾ പ്രിയപ്പെട്ട ചിലത് നഷ്ടമാകുമ്പോൾ പെട്ടുപോകുന്ന ഒരവസ്ഥ, അതെത്രത്തോളം ദയനീയവും ഭയാനകവുമെന്ന് അന്വേഷണത്തിലെ അരവിന്ദിനെയും കവിതയേയും കണ്ടാൽ മനസിലാകും. ഒരു നോട്ടത്തിൽ പോലും ആ ഭാവം, ഭയം ഏറെ ഭദ്രം യഥാക്രമം ജയസൂര്യ, ശ്രുതി രാമചന്ദ്രൻ എന്നിവരിൽ. പരാമർശിക്കപ്പെടേണ്ട മറ്റു പേരുകൾ ലിയോണ, ലെന,
ലാൽ, നന്ദു, വിജയ് ബാബു എന്നിവരുടേത്.

ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്റെ രണ്ടാമത് ചിത്രമാണ് അന്വേഷണം. ഫ്രാൻസിസ് തോമസിന്റേത് കെട്ടുറപ്പുള്ള തിരക്കഥ. ക്യാമറയും എഡിറ്റിംഗും മികച്ചത്, യഥാക്രമം അവ നിർവഹിച്ചത് സുജിത് വാസുദേവും അപ്പു ഭട്ടതിരിയും. ജേക്സ് ബിജോയുടെ സംഗീതവും സൂരജ് സന്തോഷിന്റെ ടൈറ്റിൽ സോംഗ് ആലാപനവും മനോഹരം.

അഞ്ചാം പാതിരക്ക് പിറകെ വന്നതിനാൽ, അതുമാതിരിയൊരു പടം എന്നാരോ പറയുന്നത് കേട്ടു. അതപ്പാടെ ശരിയല്ല, അതൊട്ടും ശരിയല്ല. അഞ്ചാംപാതിരയല്ല അന്വേഷണം, അനുഭവിക്കേണ്ട മറ്റൊന്ന് എന്ന് മാത്രം തൽക്കാലം പറയട്ടെ, ബാക്കി കണ്ട് തീരുമാനിക്കേണ്ടത്.

294 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close