ന്യൂഡല്‍ഹി: ഇന്ത്യ -ദക്ഷിണ കൊറിയ പ്രതിരോധ തല ചര്‍ച്ച ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ദക്ഷിണ കൊറിയന്‍ പ്രതിരോധകാര്യ മന്ത്രി ജിയോങ് കിയോങ് ഡൂവുമാണ് ഇരുരാജ്യങ്ങള്‍ക്കുമായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ഇന്ത്യയുമായി മികച്ച ബന്ധത്തിലേക്ക് എത്തിയിരിക്കുന്ന ദക്ഷിണ കൊറിയ നിലവില്‍ ചൈനയുടെ ശക്തമായ മഞ്ഞക്കടലിലേയും കിഴക്കന്‍ ചൈനാക്കടലിലേയും ദുര്‍ബലമായ പ്രതിരോധത്തെ ശക്തമാക്കാനാണ് ഇന്ത്യയുമായി ധാരണയിലുള്ളത്. ജപ്പാനൊപ്പം ദക്ഷിണകൊറിയയുമായുള്ള ശക്തമായ ബന്ധമാണ് ഇന്ത്യക്ക് കിഴക്കന്‍ മേഖലയിലും ബംഗാള്‍ ഉള്‍ക്കടലിലും ചൈനക്കെതിരെ സ്വീകരിക്കാവുന്ന സുപ്രധാനമായ പ്രതിരോധ സംവിധാനമെന്നും മന്ത്രാലയം സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് കരസേനാ മേധാവി ജനറല്‍ എംഎം നരവാനേ, നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവര്‍ പ്രതിരോധമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. കഴിഞ്ഞ തവണ കൊറിയ സന്ദര്‍ശിച്ച രാജ്നാഥ് സിംഗ് രണ്ടു കരാറുകളില്‍ ധാരണയാക്കിയിരുന്നു.