ന്യൂഡല്‍ഹി: വിരമിച്ച സേനാംഗങ്ങളുടെ പെന്ഷന് ബാധ്യത കുറയ്ക്കാന്‍ നിര്‍ദ്ദേശങ്ങളുമായി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത് രംഗത്ത്. മൂന്ന് സേനകളുടെ തരവന്മാരുമായി ദിവസങ്ങളോളമെടുത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് സേനയുടെ കോടിക്കണക്കിന് ബാധ്യത വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിട്ടുളളത്.
പെന്ഷന് ബാധ്യത കുറക്കാനായി അത്യാവശ്യ സേവന വിഭാഗത്തിന്റെ വിരമിക്കല്‍ പ്രായം കൂട്ടണമെന്നതാണ് ഒരു സുപ്രധാന തീരുമാനം. ഇവകൂടാതെ സൈനിക ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങിക്കുന്ന വകയിലും സേനക്കകത്തുനിന്നുതന്നെ വരുമാനം ഉണ്ടാക്കുന്നതിനും പദ്ധതി തയ്യാറാക്കുകയാണെന്ന് ബിപിന്‍ റാവത് വ്യക്തമാക്കി.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം പെന്ഷന് ഇനത്തില്‍ 1.33 ലക്ഷം കോടിരൂപയാണ് നീക്കിവക്കേണ്ടത്.അതായത് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 0.5ശതമാനം സൈനികരുടെ പെന്ഷനുമാത്രമായി വേണ്ടിവരും.പുതിയ, ‘ഒരു പദവി ഒരു പെന്ഷന്’ സംവിധാനത്തില്‍ സാമാന്യവല്ക്കരിക്കാന് മാത്രം 7000 കോടിരൂപ കണ്ടെത്തണമെന്നും ബിപിന്‍ റാവത് വ്യക്തമാക്കി. ഇത്തരം വന്‍ ബാധ്യത കുറക്കാന്‍ വിരമിക്കുന്നവരുടെ എണ്ണം കുറക്കലാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്നാണ് ചിന്തിച്ചിരിക്കുന്നത്. ഇതു പ്രകാരം യുദ്ധമുഖത്ത് പോകാത്ത സൈനിക വിഭാഗത്തിലേയും ആരോഗ്യ വിഭാഗത്തിലേയും പെന്ഷന് പ്രായം 39ല്‍ നിന്ന് 58 വയസ്സാക്കണമെന്നതാണ് സുപ്രധാന നിര്‍ദ്ദേശം.
നിലവില്‍ 4 ലക്ഷത്തോളം യുദ്ധേതര മേഖലയിലുള്ള സൈനികരുടെ വിരമിക്കല്‍ നിമിത്തം കൊടുക്കേണ്ടിവരിക 4000 കോടി രൂപയാണെന്നും റാവത് ചൂണ്ടിക്കാട്ടി. 450 കരസേനാ ബറ്റാലിയനുകളിലെ 60 യുദ്ധേതര സേവന വിഭാഗത്തിലെ വിരമിക്കല്‍ പ്രായമാണ് 58 ആക്കുക.മറ്റ് റെജിമെന്റുകള്‍ക്കും ഘട്ടം ഘട്ടമായി ഇതേ വിഭാഗത്തില്‍ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
ഉന്നത ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ബംഗ്ലാവ് രീതിയിലുള്ള മുഴുവന്‍ കെട്ടിടങ്ങളും മാറ്റി മികച്ച ഫ്ലാറ്റുകള്‍ ഉപയോഗിക്കുന്ന ശീലം സഹായമാകുമെന്ന നിര്‍ദ്ദേശവുമുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തെ അനാവശ്യ പ്രൗഢി ഒഴിവാക്കി താമസിക്കാന്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നതും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന മറ്റൊരു നിര്‍ദ്ദേശമാണ്. ഇതിലൂടെ 35000 കോടി രൂപ അടുത്ത 7-8 വര്‍ഷത്തിനിടെ ലാഭിക്കാനാകുമെന്നും റാവത് ചൂണ്ടിക്കാട്ടുന്നു.