ന്യൂഡൽഹി : രാജ്യതലസ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അമേരിക്കയുടെ നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം-2 (നസാംസ്-2) എന്ന മിസൈല്‍ സംവിധാനം വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കി .
ഡല്‍ഹിയെ വ്യോമാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും പൂര്‍ണമായും സംരക്ഷിക്കാനും ഉതകുന്നതാണ് യുഎസ് നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ നസാംസ് . ഇന്ത്യയുടെ തീരുമാനം യുഎസ് കോണ്‍ഗ്രസിനെ ട്രംപ് ഭരണകൂടം അറിയിച്ചിട്ടുണ്ട് . 12,000 കോടി രൂപയുടേതാണ് പദ്ധതി.
മിസൈല്‍ സംവിധാനം വാങ്ങാനുള്ള നടപടികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും അമേരിക്കയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ് ഇടപാട് വൈകിയത്. ഇന്ത്യ ഔദ്യോഗികമായി സമര്‍പ്പിച്ച അപേക്ഷക്ക് അമേരിക്ക അംഗീകാരം നല്‍കിയതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.
നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 എന്നാണ് സംവിധാനത്തിന്റെ പേര്. ഇന്ത്യയെ ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ തുരത്താനും മിസൈലുകള്‍ തകര്‍ക്കാനും കഴിയുന്ന യുഎസ് സംവിധാനത്തിനൊപ്പം ഇന്ത്യന്‍, റഷ്യന്‍, ഇസ്രയേലി മിസൈല്‍ വേധ സംവിധാനങ്ങള്‍ കൂട്ടി ചേര്‍ത്താകും കവചം ഒരുക്കുക.
ചെറിയ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണം പോലും ചെറുക്കാന്‍ ഇതിന് കഴിയും. അംറാം മിസൈല്‍, ഭൂതല വ്യോമ മിസൈല്‍ എന്നിവക്കൊപ്പം വിമാനവേധ തോക്ക്, മറ്റു റഡാറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ അടങ്ങുന്നതാണ് നസാംസ് മിസൈല്‍ സംവിധാനം. ഇവക്കൊപ്പം ആകാശ് മിസൈലുകളും സ്ഥാപിക്കുന്നതോടെ ഡല്‍ഹി കൂടുതല്‍ സുരക്ഷിതമാകും.
നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2 എന്നത് ഭൂമിയില്‍ നിന്ന് തൊടുത്തു വിടുന്ന സ്റ്റിങ്ങര്‍ പോലുള്ള മിസൈലുകളും യന്ത്രത്തോക്കുകളും വിമാനങ്ങളില്‍ നിന്നോ കോപ്റ്ററുകളില്‍ നിന്നോ വിക്ഷേപിക്കുന്ന മീഡിയം റേഞ്ച് മിസൈലുകളും ത്രിമാന കാഴ്ച ലഭിക്കുന്ന റഡാറുകളും കമാന്‍ഡ്, കണ്‍ട്രോള്‍ യൂണിറ്റുകളുമുള്ള വിപുലമായ ഒന്നാണ്. വിമാനമുപയോഗിച്ച് കെട്ടിടത്തില്‍ ഇടിച്ചുകയറ്റുന്നത് പോലെയുള്ള ആക്രമണങ്ങള്‍ പോലും തടയാന്‍ കഴിയും.
പാളികളായിട്ടാണ് ഇതിൽ സുരക്ഷാ കവചം. ഏറ്റവും പുറത്തെ പാളിയില്‍ ഡിആര്‍ഡിഒ നിര്‍മിച്ച ബാലിസ്റ്റിക് മിസൈലാകും സുരക്ഷ നല്‍കുക, 15 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറന്ന് ശത്രുവിമാനം തകര്‍ക്കാന്‍ കഴിയുന്ന മിസൈലും 80 മുതൽ ല്‍ 100 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന പൃഥ്വി മിസൈലുമാണ് ഇതിന് ഉപയോഗിക്കുക.
രണ്ടാം പാളിയില്‍ റഷ്യന്‍ സംവിധാനവും.മൂന്നാം പാളിയിലാണ് യുഎസ് സംവിധാനം.റഷ്യന്‍ ട്രയംഫ് മിസൈലുകള്‍ക്കു പുറമേ ഇസ്രായേല്‍ നിര്‍മിത ബരാക്. മിസൈലുകളും ഇന്ത്യയുടെ ആകാശ് മിസൈലുകളും രണ്ടാം പാളിയിൽ ഉപയോഗിക്കും .















