ഓക്ലാന്റ് : ന്യൂസിലാന്റ് ഇലവനെതിരായ സന്നാഹ ത്രിദിന മത്സരത്തില്‍ ആധികാരിക സമനിലയോടെ ടീം ഇന്ത്യ. ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ച രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 252-4 എന്ന നിലയില്‍ കളി അവസാനിച്ചു. 81 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും നാലാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഋഷഭ് പന്തും(70) കിവീസിന്റെ ബൗളിംഗിനെ ശരിക്കും അടിച്ചുപരത്തി.
ആദ്യ ഇന്നിംഗ്സില്‍ 5 റണ്‍സിന് 3 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിംഗ് സില് ന്യൂസിലാന്റ് പിച്ചിനെ ശരിക്കും മനസ്സിലാക്കിയ കളിയാണ് പുറത്തെടുത്തത്. ശരാശരി ഒരു ഓവറില്‍ 9 ണ്സിലേറെ സ്ക്കോര്‍ ചെയ്താണ് ഇന്ത്യന്‍ നിര കിവികളെ തകര്‍ത്തത്. ആദ്യവിക്കറ്റില്‍ 72 റണ്‍സാണ് മായങ്കും പങ്കാളി പൃഥ്വീ ഷായും ചേര്‍ത്തത്. 31 പന്തില്‍ 39 റണ്‍സെടുത്താണ് ഷാ പുറത്തായത്. തുടര്‍ന്നെത്തിയ ശുഭ്മാന്‍ ഗില്‍ വെറും 8 റണ്‍സില്‍ പുറത്തായെങ്കിലും പുറകേ എത്തിയ പന്ത് മായങ്കിനൊപ്പം ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്.
മായങ്കും പന്തും വെറും 18 ഓവറില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്വന്തം സ്കോര്‍ 81ല്‍ നില്‍ക്കേ പരിക്കുമൂലം മായങ്ക് പിന്മാറിയതിനെതുടര്ന്ന് പന്തിനൊപ്പം വൃദ്ധിമാന്‍ സാഹയും ബാറ്റിംഗ് മോശമാക്കിയില്ല. 38 പന്തില്‍ 38 നേടിയ സാഹ പന്തിന് മികച്ച പിന്തുണ നല്കി. പന്ത് 65 പന്തില്‍ 4 സിക്സറുകളും 4 ഫോറുകളുമടക്കം 70 നേടിയാണ് പുറത്തായത്.കളി അവസാ നിക്കുമ്പോള്‍ അശ്വിന് 16 റണ്‍സുമായി സാഹക്കൊപ്പം ക്രീസിലുണ്ടായിരുന്നു.
ന്യൂസിലാന്റ് ഇലവന് വേണ്ടി ഡാറില്‍ മിച്ചല്‍ 9 ഓവറില്‍ 33 റണ്‍സിന് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഫീല്‍ഡിലെ 9 പേരെക്കൊണ്ട് ബൗള്‍ ചെയ്യിച്ച് കിവികള്‍ പല പരീക്ഷണങ്ങളും നടത്തിയിട്ടും ഇന്ത്യന്‍ നിരയെ തകര്‍ക്കാനായില്ല.















