ന്യൂഡല്‍ഹി: 2027ലെ പുരുഷന്മാരുടെ ഏഷ്യാ കപ്പിന്റെ തീയതികള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അന്തിമമാക്കിയതായി റിപ്പോര്‍ട്ട്. 2027 ജൂണ്‍ 18 മുതല്‍ ജൂലൈ 4 വരെ ബംഗ്ലാദേശില്‍ ഏകദിന (50 ഓവര്‍) ഫോര്‍മാറ്റിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂര്‍ണമെന്റായാണ് ഏഷ്യാ കപ്പിനെ വിലയിരുത്തുന്നത്.
അതിനാല്‍ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ പ്രമുഖ ടീമുകളും ശക്തമായ നിരയുമായി ഇറങ്ങുമെന്നാണ് പ്രതീക്ഷ. 2023ലെ ഏകദിന ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2025ല്‍ ട്വന്റി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പും ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ആതിഥേയാവകാശം ബംഗ്ലാദേശ് നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ചില നയതന്ത്ര-ക്രിക്കറ്റ് വിഷയങ്ങള്‍ കാരണം ആതിഥേയത്വം നഷ്ടമാകുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ബംഗ്ലാദേശിന് തന്നെ മത്സരങ്ങള്‍ നടത്താന്‍ അവസരം ലഭിക്കുമെന്നാണ് സൂചന. 2025ലെ ഏഷ്യാ കപ്പ് ഇന്ത്യയുടെ ആതിഥേയത്വത്തിലായിരുന്നെങ്കിലും ഇന്ത്യ-പാകിസ്താന്‍ രാഷ്‌ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റിയിരുന്നു.
ഇക്കുറിയും ഇന്ത്യയും പാകിസ്താനും പരസ്പരം സ്വന്തം രാജ്യങ്ങളില്‍ കളിക്കില്ലെന്ന ധാരണ തുടരുന്നതിനാല്‍ നിഷ്പക്ഷ വേദിയായാണ് ബംഗ്ലാദേശിനെ പരിഗണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ നേതൃത്വവും ബിസിസിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതും ആതിഥേയാവകാശം നിലനിര്‍ത്താന്‍ സഹായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍.















