വെല്ലിംഗ്ടണ്‍: ആദ്യ ടെസ്ററില് ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സമ്പൂര്‍ണ്ണ തകര്‍ച്ച. വെറും 165 റണ്‍സില്‍ ഇന്ത്യയുടെ എല്ലാവരും പുറത്തായി.മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റ് 3 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയിലാണ്. ഇഷാന്ത് ശര്‍മ്മക്കാണ് മൂന്നു വിക്കറ്റു കിട്ടിയത്. നായകന് കെയിന്‍ വില്യംസ് 74 റണ്‍സുമായി ക്രീസിലുണ്ട്.
ഇന്ത്യയുടെ മധ്യനിരയില്‍ പിടിച്ചുനിന്ന അജിങ്ക്യ രഹാനേ(46)യും ഋഷഭ് പന്തും(19) അവസാന വിക്കറ്റില്‍ പുറത്താകല്‍ നീട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷമി(21) എന്നിവരാണ് ആകെ രണ്ടക്കം തികച്ചത്. അരങ്ങേറ്റം സ്വപ്നതുല്യമാക്കിയ ജാമിസണ് വെറും 16 ഓവറുകളില്‍ 39 റണ്‍സുമാത്രം വിട്ടുകൊടുത്ത് വിരാടിന്റെയടക്കം നാലു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുതിര്‍ന്ന താരം ടിം സൗത്തി തന്റെ പരിചയസമ്പന്നത മുഴുവന്‍ പുറത്തെടുത്ത് ഇന്ത്യന്‍ വാലറ്റത്തെ തകര്‍ത്തെറിഞ്ഞു.
ആദ്യദിനത്തില്‍ 5ന്122 എന്ന നിലയില്‍ മഴ കളിമുടക്കിയ മത്സരത്തില്‍ രണ്ടാം ദിനം കളിതുടങ്ങി സൗത്തിയുടെ മൂന്നാം ഓവറില്‍ത്തന്നെ പന്തിനെ അജാസ് പട്ടേല്‍ റണൗട്ടാക്കി. തൊട്ടടുത്ത പന്തില്‍ സൗത്തി അശ്വിനെ പൂജ്യത്തിനും മടക്കി.ഒരറ്റത്ത് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിച്ച രഹാനേക്ക് അര്‍ദ്ധസെഞ്ച്വറി തികക്കാന്‍ സമ്മതിക്കാതെ 46 എടുത്തു നിന്ന രഹാനേയെ സൗത്തി വിക്കറ്റ് കീപ്പര്‍ വാട്ട്ലിംഗിന്റെ കയ്യിലെത്തിച്ചു. വാലറ്റം വീഴാന്‍ എത്ര സമയം എന്നതു മാത്രം ഒരു ചടങ്ങായി. ഇതിനിടെ യുക്തി പൂര്‍വ്വം ബാറ്റ് വീശിയ ഷമി 20 പന്തില്‍ 21 എടുത്തു. ഒരറ്റത്ത് ഇഷാന്തിനെ 5 റണ്‍സില്‍ ജാമിസണ് മടക്കിയപ്പോള്‍ സൗത്തി ഷമിയെ മടക്കിയതോടെ ഇന്ത്യ സമീപകാലത്തെ ഏറ്റവും കുറഞ്ഞ ആദ്യ ഇന്നിംഗ്സ് സ്ക്കോറില്‍ പുറത്തായി. രണ്ടാം ദിവസം വെറും 43 റണ്‍സിനിടെയാണ് ഇന്ത്യ 5 വിക്കറ്റുകള്‍ കളഞ്ഞത്.
ന്യൂസിലാന്റ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 142 എന്ന നിലയിലാണ്. ഇഷാന്തിനാണ് രണ്ടു വിക്കറ്റും കിട്ടിയത്. 11 റണ്‍സെടുത്ത ടോം ലതാമിനെ പന്തിന്റെ കയ്യിലെത്തിച്ച് ഇഷാന്ത് ശര്‍മ കിവികള്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു.30 റണ്‍സെടുത്ത ടോം ബ്ലന്‍ഡലും ഇഷാന്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 74 റണ്‍സുമായി നായകന് കെയിന്‍ വില്ല്യംസും റണ്‍സെടുക്കാതെ വിക്കോള്സുമാണ് ക്രീസില്‍.
44 റണ്‍സെടുത്ത റോസ് ടെയ്ലറുടെ വിക്കറ്റു ഇഷാന്തിനായിരുന്നു. പൂജാരയാണ് ക്യാച്ച് എടുത്തത്. റോസ് ടെയ്ലറുടെ100-ാം ടെസ്റ്റാണിതെന്ന പ്രത്യേകതയുമുണ്ട്.















