വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആതിഥേയര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്. 14 റണ്‍സോടെ ബിജെ വാട്ലിംഗും 4 റണ്‍സോടെ കോളിന് ഡി ഗ്രാന്‍ഡോമുമാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്സില്‍ കീവീസ് 51 റണ്‍സിന് മുന്നിലാണ്.
ടോം ലഥാം (11), ടോം ബ്രെന്‍ഡല്‍ (30), നായകന് കെയ്ന്‍ വില്ല്യംസണ് (89), റോസ് ടെയ്ലര് (44), ഹെന്റ്റി നിക്കോള്‍സ് (17) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. വില്യംസണ് 89 റണ്‍സെടുത്താണ് പുറത്തായത്. കരിയറിലെ 100ാം മത്സരം കളിക്കുന്ന റോസ് ടെയ്ലര് 44 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു.
പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരിച്ചെത്തിയ പേസര്‍ ഇഷാന്ത് ശര്‍മ്മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റോസ് ടെയ്ലറുടെ വിക്കറ്റ് ഉള്‍പ്പെടെ സ്വന്തമാക്കിയ ഇഷാന്ത് 15 ഓവറില്‍ 31 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മോശം ഫോം തുടരുന്ന ജസ്പ്രീത് ബൂമ്രക്ക് വിക്കറ്റൊന്നും നേടാനായില്ല.
നേരത്തെ, ആദ്യ ദിനത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയില്‍ മഴ കളിമുടക്കിയ മത്സരത്തില്‍ രണ്ടാം ദിനം ഇന്ത്യയുടെ എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടാം ദിനം വെറും 43 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയുടെ 5 വിക്കറ്റുകള്‍ നഷ്ടമായത്. മയങ്ക് അഗര്‍വാള്‍ (34), പ്രഥ്വി ഷാ (16), അജിങ്ക്യ രഹാനേ (46), ഋഷഭ് പന്ത് (19), മുഹമ്മദ് ഷമി (21) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്.















