ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അമേരിക്കന്‍ മുന്നേറ്റനിര താരം ഫോളറിന്‍ ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ഫിഫയുടെ നടപടി വലിയ വിവാദത്തിന് വഴിവെച്ചു. ബെല്‍ജിയത്തിനെതിരായ നിര്‍ണായക മത്സരത്തില്‍ ബലോഗന് കളിക്കാനാകുന്ന തരത്തിലാണ് ഫിഫ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്.
ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അടുത്ത മത്സരത്തില്‍ വിലക്ക് നേരിടേണ്ടിയിരുന്ന ബലോഗന്റെ സസ്‌പെന്‍ഷന്‍, ഫിഫ ഡിസിപ്ലിനറി കോഡിലെ 27-ാം അനുച്ഛേദം പ്രകാരം പ്രൊബേഷണറി കാലയളവിലേക്ക് മാറ്റിവെച്ചതായി ഫിഫ അറിയിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറങ്ങാന്‍ താരത്തിന് അനുമതിയായി.
അതേസമയം, ഈ തീരുമാനത്തിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഫിഫ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫിഫയുടെ നടപടിക്കെതിരെ ഫ്രഞ്ച് ഇതിഹാസവും ഫുട്‌ബോള്‍ നിരൂപകനുമായ തിയറി ഹെന്റി രംഗത്തെത്തി.
തീരുമാനം ശരിയോ തെറ്റോ എന്നതിലുപരി, മത്സരം അടുത്തെത്തിയ ശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നതാണ് ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. ‘ബെല്‍ജിയം ഒരു പ്രത്യേക തന്ത്രം ആസൂത്രണം ചെയ്താണ് മത്സരത്തിനൊരുങ്ങിയത്. അവസാന നിമിഷത്തെ ഈ തീരുമാനം അവരുടെ തയ്യാറെടുപ്പിനെ ബാധിക്കും.
ബലോഗന്റെ ചുവപ്പ് കാര്‍ഡ് കടുത്ത ശിക്ഷ അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സമയമാണ് ഇവിടെ പ്രധാന വിഷയം,’ ഹെന്റി പ്രതികരിച്ചു. ഫിഫയുടെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമാണ് റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. ഫിഫ ഡിസിപ്ലിനറി കോഡിലെ 66.4 അനുച്ഛേദം പ്രകാരം ചുവപ്പ് കാര്‍ഡ് ലഭിച്ച താരത്തിന് അടുത്ത മത്സരത്തില്‍ നിര്‍ബന്ധമായും സസ്‌പെന്‍ഷന്‍ ലഭിക്കണമെന്നും, മറ്റ് താരങ്ങള്‍ക്ക് ബാധകമായ നിയമം ബലോഗന് മാത്രം മാറ്റി നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
വിഷയത്തില്‍ നിയമനടപടികളും പരിഗണനയിലാണെന്നാണ് സൂചന. ഈ ലോകകപ്പില്‍ ഇതിനകം മൂന്ന് ഗോളുകള്‍ നേടിയ ബലോഗന്‍ അമേരിക്കയുടെ മുന്നേറ്റനിരയിലെ നിര്‍ണായക താരമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് കരുത്താകുമ്പോള്‍, ഫിഫയുടെ തീരുമാനം കളിക്കളത്തിന് പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.















