ബാഴ്‌സലോണ: കഴിഞ്ഞ കുറേ മത്സരങ്ങളിലായി ഗോളടിപ്പിക്കുന്നുണ്ടെങ്കിലും ഗോള്‍ അടിക്കുന്നില്ലെന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ഐബറിനെതിരെ ക്യാംപ്‌നൂവില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ അതില്‍ 4 എണ്ണവും മെസിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. തുടര്‍ച്ചയായി 4 കളികളില്‍ ഗോളടിക്കാതിരുന്ന മെസി ഒറ്റക്കളിയില്‍ 4 ഗോളടിച്ചാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്.
നിരവധി റെക്കോര്‍ഡുകളാണ് ഐബറിനെതിരായ മത്സരത്തില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കറെ തേടിയെത്തിയത്. ഗോളടിച്ചും അടിപ്പിച്ചും രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 1000 ഗോളുകളില്‍ നേരിട്ട് പങ്കാളിയാകുന്ന ആദ്യ കളിക്കാരന്‍ എന്ന അപൂര്‍വ്വ റെക്കോഡാണ് മെസി സ്വന്തം പേരില്‍ കുറിച്ചത്. 853 മത്സരങ്ങളില്‍ നിന്നും 696 ഗോളുകള്‍ നേടിയ താരം 306 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. നാല് ഗോളുകള്‍ കൂടി നേടിയാല്‍ 700 ഗോളുകള്‍ എന്ന നാഴികക്കല്ലും മെസി മറികടക്കും.
മത്സരത്തിന്റെ ആദ്യ 40 മിനിട്ടുകള്‍ പിന്നിടുമ്പോഴേക്കും മെസി ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ സ്പാനിഷ് ലീഗില്‍ 36 ഹാട്രിക്കുകള്‍ നേടിയ മെസി കരിയറില്‍ 48 ഹാട്രിക്കുകള്‍ സ്വന്തമാക്കി. ഇതോടെ ഹാട്രിക്കുകളുടെ എണ്ണത്തില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മെസി മറികടന്നു. നിലവില്‍ 47 കരിയര്‍ ഹാട്രിക്കുകളുമായി റൊണാള്‍ഡോ മെസിക്ക് തൊട്ടുപിന്നിലുണ്ട്.
സ്പാനിഷ് ലീഗിലെ ഗോള്‍ വേട്ടക്കാരിലും മെസിയാണ് ഒന്നാമത്. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സിമയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്നെങ്കിലും നാല് ഗോള്‍ നേടിയതിന്റെ ആനുകൂല്യത്തോടെ ഇരുവരും തമ്മിലുള്ള വ്യത്യാസം 5 ആക്കി വര്‍ധിപ്പിക്കാനും മെസിക്കു കഴിഞ്ഞു. സീസണില്‍ ഇതുവരെ മെസി 18 ഗോളുകള്‍ നേടിക്കഴിഞ്ഞു. 13 ഗോളുകളുമായി ബെന്‍സിമയാണ് രണ്ടാം സ്ഥാനത്ത്.















