സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ കളിയില്‍ നിലവിലെ ചാമ്പ്യന്മാരും നാലു തവണ കിരീടം ചൂടിയവരുമായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 17 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഞെട്ടിച്ചത്.
ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യമത്സരമാണിന്നത്തേത്. ഇന്ത്യക്കെതിരെ ബംഗ്ലാദേശ് 2018ലെ ഏഷ്യാകപ്പില്‍ ശ്രദ്ധേയമായ രണ്ടു വിജയങ്ങള്‍ നേടിയിട്ടുണ്ട്. രണ്ടു സമയത്തും ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് വിജയം നേടിയത്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ മികച്ച ഫോം ബംഗ്ലാദേശിന് വിജയം നേടാന്‍ തടസ്സമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യന്‍ നിരയില്‍ സ്മൃതിമന്ഥാനയും പൂനംയാദവുമാണ് കളി മാറ്റിമറിക്കാന്‍ ക്ഷമതയുള്ള താരങ്ങള്‍. നിലവില്‍ സ്മൃതിയും ജെമിയാ റോഡ്രിഗസുമാണ് ഇന്ത്യയുടെ മികച്ച ശരാശരിയുള്ള ബാറ്റിംഗ് താരങ്ങള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ വിസ്‌ഫോടനാത്മക ശൈലി ഏത് പ്രതിസന്ധികളും മറികടക്കുന്നതാണ്. ബൗളിംഗില്‍ പൂനംയാദവും ദീപ്തി ശര്‍മയും കരുത്തരാണ്.
ബംഗ്ലാദേശിന്റെ നിഗാര്‍ സുല്‍ത്താനയും ഫര്‍ഗാനാ ഹഖുമാണ് മികവുള്ളവര്‍. ബൗളിംഗില്‍ ജഹാന്നാരയും സല്‍മാ ഖാതൂനും ശ്രദ്ധിക്കേണ്ട താരങ്ങളാണ്. വൈകിട്ട് 4 മണിക്കാണ് മത്സരം നടക്കുന്നത്.















