ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 പനി ബാധിച്ചതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് ചീഫ് ജസ്റ്റിസ് അടിയന്തിര യോഗം ചേര്‍ന്നു. കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ മറ്റ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയത്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ജഡ്ജിമാരായ മോഹന ശാന്തന ഗൗഡര്‍, എ എസ് ബൊപ്പണ്ണ, ആര് ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സുപ്രീംകോടതിയോട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയില്‍ പല ജഡ്ജിമാരും എത്തിച്ചേരാന്‍ വൈകുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ കോടതിമുറിയില്‍ എത്തിച്ചേരാന്‍ താമസിക്കുന്നതിന്റെ കാരണം കോര്‍ട്ട് മാസ്റ്റര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ആണെന്ന വിവരം അറിയിച്ചത്. പല ജഡ്ജിമാരും മുഖാവരണം ധരിച്ചാണ് ഇന്ന് വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയത്.