മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ ജയം നാപ്പോളി നിഷേധിച്ചപ്പോള്‍ ചെല്‍സിയെ തകര്‍ത്തെറിഞ്ഞ് ബയേണ്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ ജയം സ്വന്തമാക്കി. ചെല്‍സിയെ ബയേണ്‍ 3-0ന് തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സലോണയെ നാപ്പോളി 1-1ന് സമനിലയില്‍ പൂട്ടി.
ബാഴ്‌സയുടെ പ്രതിരോധത്തെ ആദ്യമേ തകര്‍ക്കുന്ന പ്രകടനമാണ് നാപ്പോളി പുറത്തെടുത്തത്. കളിയുടെ തുടക്കം മുതല്‍ ബാഴ്‌സ പന്ത് കൈക്കലാക്കിയിട്ടും 30-ാം മിനിറ്റില്‍ കിട്ടിയ അവസരം നാപ്പോളി മുതലാക്കി. ഡാരിസ് മെര്‍ട്ടന്‍സാണ് നാപ്പോളിക്കായി ഗോള്‍ നേടിയത്. 797 പാസ്സുകളുമായി മെസ്സിയും കൂട്ടരും കളംപിടിച്ചിട്ടും ആദ്യപകുതിയില്‍ ഗോള്‍ വീണില്ല. രണ്ടാം പകുതിയുടെ 57-ാം മിനിറ്റിലാണ് ബാള്‌സ നിര്‍ണ്ണായകമായ സമനില പിടിച്ചത്. അന്റോണിയോ ഗ്രീസ്മാന്‍ ഗോള്‍ നേടി. കളിയുടെ 89-ാം മിനിറ്റില്‍ അര്‍ട്യൂറോ വിദാല്‍ ചുവപ്പുകണ്ടത് അടുത്ത കളിയില്‍ ബാഴ്‌സക്ക് വലിയ ക്ഷീണമാകും.
ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കനത്ത തോല്‍വിയാണ് നീലപ്പട ഏറ്റുവാങ്ങിയത്. എതിരില്ലാത്ത മൂന്ന് ഗോളുകളാണ് ജര്‍മ്മന്‍ ലീഗിലെ വമ്പന്മാരായ ബയേണ്‍ ഇംഗ്ലീഷ് ലാഗ് കരുത്തരുടെ വലയിലെത്തിച്ചത്. കളിയുടെ ഭൂരിഭാഗം സമയത്തും പന്ത് കയ്യടക്കിയ ബയേണ്‍ 692 പാസ്സുകളിലൂടെയാണ് കളം നിറഞ്ഞത്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളടിക്കുന്നതില്‍ പാരജയപ്പെട്ടു. എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ ബയേണ്‍ ചെല്‍സിക്കുമേല്‍ പ്രഹരമേല്‍പ്പിച്ചു. 51-ാം മിനിറ്റിലും 54-ാം മിനിറ്റിലും സെര്‍ഗീ നാബ്രിയാണ് ഇരട്ടഗോളുകളിലൂടെ ബയേണിന് വ്യക്തമായ ലീഡ് നല്‍കിയത്. 76-ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബയേണ്‍ മൂന്നാം ഗോളും സ്വന്തമാക്കി. കളിപരുക്കനായതോടെ 83-ാം മിനിറ്റില്‍ ടെല്‍സിയുടെ മാര്‍ക്കോസ് അലോണ്‍സോക്ക് ചുവപ്പുകാര്‍ഡും കാണേണ്ടിവന്നു.















