ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജപ്പാന്, ദക്ഷിണ കൊറിയന്‍ പൗരന്മാര്ക്ക് ഇന്ത്യ ഭാഗികമായി വിലക്കേര്‍പ്പെടുത്തി. ‘വിസ ഓണ്‍ അറൈവല്‍’ സേവനത്തിനാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജപ്പാനിലും കൊറിയയിലും കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താത്ക്കാലിത വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊറിയയില്‍ കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇതുവരെ 2022 പേര്‍ക്ക് ദക്ഷിണ കൊറിയയില്‍ വൈറസ് സ്ഥിരീകരിച്ചു. ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്്തത് കൊറിയയിലാണ്. കൊറിയയില്‍ 13 പേര് കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്.
ജപ്പാനില്‍ 186 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേര് മരിക്കുകയും ചെയ്തു. രാജ്യത്തെ സ്കൂളുകള്‍ ഒരു മാസത്തേയ്ക്ക് അടയ്ക്കാന്‍ ജപ്പാന് മുഖ്യമന്ത്രി നേരത്തെ ഉത്തരവിട്ടിരുന്നു. ഇറാന് വൈസ് പ്രസിഡന്റ് മസൗമെ എബ്തെക്കറിനും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.