സിഡ്നി: വനിതാ ടി20യില്‍ കിരീട പ്രതീക്ഷയിലേക്ക് ടീം ഇന്ത്യയുടെ കുതിപ്പ് തുടരുന്നു. ശ്രീലങ്കയെ 7 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കുതിച്ചത്. ലോകകപ്പിലുടനീളം ഉജ്ജ്വല ഫോമില്‍ ബാറ്റ് വീശുന്ന ഷെഫാലി വെര്‍മയാണ് ഇത്തവണയും താരമായത്. ഒപ്പം 4 വിക്കറ്റുകള്‍ വീഴ്ത്തി രാധാ യാദവും ശ്രീലങ്കയെ തകര്‍ത്തു.
34 പന്തില്‍ 47 റണ്‍സെടുത്താണ് ഷെഫാലി ശ്രീലങ്കയുടെ 113 എന്ന ലക്ഷ്യത്തെ അനായാസം മറികടന്നത്. ഇന്ത്യന്‍ നിരയിലെ മറ്റെല്ലാവരും ഇരുപതില്‍ താഴെ റണ്സുമാത്രമാണെടുത്തത്. സ്മൃതി മന്ഥാന(17), ഹര്‍മന്‍പ്രീത് കൗര്‍(15) എന്നിവര്‍ പെട്ടന്ന് പുറത്തായെങ്കിലും ജാമീയ റോഡ്രീഗസ്(15), ദീപ്തി ശര്‍മ്മ(15) എന്നിവര്‍ ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ 14.4 ഓവറില്‍ 116 എടുത്ത് കളി ജയിപ്പിച്ചു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ നിസ്സാര സ്കോറിന് ഒതുക്കിയത് രാധാ യാദവിന്റെ ബൗളിംഗ് മികവായിരുന്നു. 4 ഓവറുകളില്‍ വെറും 23 റണ്‍സിന് 4 വിക്കറ്റുകളാണ് രാധാ യാദവ് വീഴ്ത്തിയത്. ബാറ്റിംഗില്‍ ശ്രീലങ്കക്കായി ക്യാപ്റ്റന്‍ ജയങ്കാണി (33), ദില്‍ഹരി(25) എന്നിവര്‍ മാത്രമാണ് സാമാന്യം റണ്‍സെടുത്തത്.















