മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വാഹനപ്രേമം പ്രശസ്തമാണ്. തനിക്ക് വാഹനങ്ങളോടുള്ള ഇഷ്ടം പലതവണ ലാലേട്ടൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇപ്പോഴിതാ തന്റെ വാഹന ശേഖരത്തിലേക്ക് ഒരു പുതിയ അഥിതിയെക്കൂടി എത്തിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ. ടൊയോട്ടയുടെ ഏറ്റവും പുതിയ ആഡംബര എംപിവിയായ വെൽഫയറാണ് ലാൽ സ്വന്തമാക്കിയിരിക്കുന്നത്.
വെൽഫയറിന്റെ കേരളത്തിലെ ആദ്യ ഉടമ കൂടിയാണ് മോഹൻലാൽ. ലാലേട്ടൻ വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ലാലിന്റെ വർഷങ്ങളായുള്ള സന്തതസഹചാരിയും സാരഥിയുമായി ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്.
ആഡംബര എംപിവി വെൽഫയർ
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്ത വെൽഫയറിന് 79.5 ലക്ഷം രൂപ മുതലാണ് വില. സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ എന്ന എന്ന വിശേഷണത്തോടെയാണ് വാഹനത്തിനെ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്.
എൽഇഡി ഹെഡ്ലൈറ്റുകളും ടെയിൽ ലാമ്പുകളും കാഴ്ചയിൽ വാഹനത്തിന് കൂടുതൽ മനോഹാരിത നൽകുന്നുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പ്, പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍, 17 ഇഞ്ച് അലോയി വീല്‍ തുടങ്ങിയവ വാഹനത്തിന് സ്പോർട്ട് ലുക്ക് നൽകുന്നുണ്ട്. ഇലക്ട്രിക് സ്ലൈഡിംഗ് ഡോറാണ് വെൽഫയറിന് കമ്പനി നൽകിയിട്ടുള്ളത്.
ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമായി സംയോജിപ്പിച്ചിരിക്കുന്ന 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ടൊയോട്ടയുടെ പുത്തൻ എംപിവിയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഉപയോഗിക്കാനാവും ഇതിനൊപ്പം മറ്റൊരു 10 ഇഞ്ച് ടച്ച് സ്ക്രീൻ എച്ച്ഡി ഡിസ്പ്ലേയും വാഹനത്തിൽ നൽകിയിട്ടുണ്ട്. പിൻ സീറ്റിലിരിക്കുന്നവർക്ക് വേണ്ടി രണ്ടാം നിരയിലാണ് സ്ക്രീൻ നൽകിയിരിക്കുന്നത്.
വാഹനത്തിനുള്ളിൽ കൂടുതൽ ആഡംബരം നൽകുന്നതിനായി പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി ഉള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകളാണ് ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ വരിയിൽ ഇരിക്കുന്നവർക്ക് പ്രീമിയം ഫീൽ നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നിവ അതിന് ഉദാഹരണങ്ങളാണ്. ഇതിനൊപ്പം വാഹനത്തിൽ വൈഫൈ ഹോട്ട്സ്പോട്ടും നൽകിയിട്ടുണ്ട്. വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
ഗാസോലിൻ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. നാലാം തലമുറ ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനുള്ള വാഹനം ഫോർ വീൽ ഡ്രൈവ് കൂടിയാണ്. ‘സസ്റ്റൈനബിൾ ലക്ഷ്വറി’ എന്ന വിശേഷണവുമായാണ് വാഹനം വിപണിയിലേക്ക് എത്തിയിരിക്കുന്നത്.
ഇനി ആരാധകർ കാത്തിരിക്കുന്നത് ലാലേട്ടന്റെ വാഹനത്തിന്റെ നമ്പർ എന്തായിരിക്കും എന്നതിന് വേണ്ടിയാണ്. നിലവി. അദ്ദേഹമുപയോഗിക്കുന്ന ടൊയോട്ട ലാന്റ് ക്രൂയിസറിന്റെ നമ്പർ 2255 എന്നതാണ്. ഇതേ നമ്പർ തന്നയായിരിക്കുമോ വെൽഫയറിനും അദ്ദേഹം ചോദിച്ചുവാങ്ങുക എന്നത് കാത്തിരുന്ന് കാണാം.