ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യന്‍ ടീമിലെ എക്കാലത്തേയും മികച്ച പ്രതിഭാധനരായ കളിക്കാരുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെയാണ് നായകന്‍ വിരാട് കോഹ്‌ലിയുടെ സ്ഥാനം. ആരാലും തകര്‍ക്കപ്പെടില്ലെന്ന് ക്രിക്കറ്റ് ലോകം വിധിയെഴുതിയ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ക്ക് ഒപ്പമെത്താന്‍ പോലും കോഹ്‌ലിക്ക് അധികം സമയം വേണ്ടി വന്നില്ല. എന്നാല്‍ 2020 കോഹ്‌ലിക്ക് അത്ര ശുഭകരമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അവസാനം കളിച്ച 22 ഇന്നിംഗ്‌സുകളിലും കോഹ്‌ലിക്ക് ഒരു സെഞ്ച്വറി പോലും തികക്കാനായില്ല. ന്യൂസിലന്‍ഡ് പര്യടനത്തിലാണെങ്കില്‍ കോഹ്‌ലി പരാജയമായിരുന്നു താനും. ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ വെറും 2 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 19 റണ്‍സായിരുന്നു വിരാടിന്റെ സമ്പാദ്യം. രണ്ടാം ടെസ്റ്റിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒന്നാം ഇന്നിംഗ്‌സില്‍ 3 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 14 റണ്‍സും നേടിയാണ് കോഹ്‌ലി പുറത്തായത്.
2019 നവംബറില്‍ ബംഗ്ലാദേശിനെതിരെ നേടിയ 139 റണ്‍സാണ് വിരാട് അവസാനമായി കുറിച്ച മികച്ച സ്‌കോര്‍. തുടര്‍ന്ന് കളിച്ച 22 ഇന്നിംഗ്‌സുകളില്‍ ഒന്നിലും കോഹ്‌ലിക്ക് മൂന്നക്കം കടക്കാനായില്ല. ആകെ 3 തവണയാണ് 50 റണ്‍സ് കടന്നത്. 2014ലാണ് ഇതിന് മുമ്പ് കോഹ്ലിക്ക് ഇതുപോലെ ബാറ്റിംഗില്‍ പരാജയം നേരിടേണ്ടിവന്നത്. 2011ലും ഇതുപോലെ നിരന്തരം ഫോം കിട്ടാതെ വന്നിട്ടുണ്ട്. ആ വര്‍ഷം ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ 24 കളികളിലായി ആകെ നേടിയത് ഒരു സെഞ്ച്വറി മാത്രമായിരുന്നു.















