വരുന്ന ടോക്കിയോ ഒളിംപിക്സിനുള്ള ഫ്രാൻസിന്റെ ഫുട്ബോൾ ടീമിലേക്ക് യുവതാരം കെയ്ലിൻ എംബാപെയേയും ഉൾപ്പെടുത്താനുള്ള നീക്കം തകർക്കത്തിന് വഴിയൊരുക്കിയേക്കും. ഒളിംപിക്സ് ടീമിലേക്കുള്ള 80 പേരുടെ ആദ്യ പട്ടികയിലാണ് എംബാപെയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ പ്രസിഡന്റ് നോയൽ ലെ ഗ്രേറ്റാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ ഓഗ് റ്റ് മാസങ്ങളിലായാണ് ഒളിംപിക്സ്. ഇപ്പോൾ ആദ്യഘട്ട ടീം പ്രഖ്യാപിച്ചെങ്കിലും, ജൂലൈ മാസത്തോടെ മാത്രമെ അന്തിടീമിനെ തിരഞ്ഞെടുക്കൂ. 21കാരനായ എംബാപെ ഒളിംപിക്സ് ടീമിൽ സ്വാഭാവികമായി ഉൾപ്പെടാം. അതിനാൽ തന്നെയാണ് താരത്തേയും ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് ഗ്രേറ്റ് അറിയിച്ചത്.
എന്നാൽ സൂപ്പർതാരം എംബാപെ ഒളിംപിക്സ് കളിക്കാൻ പോകുന്നതിൽ ക്ലബായ പി.എസ്.ജിക്ക് താൽപര്യമില്ല. ഒളിംപിക്സിന്റെ സമയം യൂറോപ്പിലെ ലീഗ് സീസണുകളുടെ തുടക്കമാണ്. ഈ സാഹചര്യത്തിൽ താരങ്ങൾ ദേശീയടീമിനൊപ്പം പോകുന്നത് ക്ലബുകൾ പൊതുവെ അംഗീകരിക്കാറില്ല. പരുക്കേൽക്കുമോയെന്ന ആശങ്കയാണ് പ്രധാനമായും ഉള്ളത്.
മറ്റൊരു സൂപ്പർതാരം നെയ്മറെ ഒളിംപിക്സ് ടീമിലുൾപ്പെടുത്താൻ ബ്രസീലും പിഎസ്ജിയോട് ആവശ്യപ്പെടാനൊരുങ്ങുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നാലെ ഇപ്പോൾ എംബാപെയെ ആവശ്യപ്പട്ട് ഫ്രാൻസും രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളിൽ ക്ലബും ദേശീയ ടീമും തമ്മിൽ ഏറ്റുമുട്ടലിന് സാധ്യത തെളിയുന്നുണ്ട്. രണ്ട് സൂപ്പർ താരങ്ങൾ ടീമിൽ നിന്ന് മാറിനിൽക്കുന്നത് പിഎസ്ജിയ്‌ക്ക് വൻ തിരിച്ചടിയാണ്.















