മെൽബൺ: ഐസിസി വനിതാ ലോകകപ്പിൽ ആദ്യ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. സെമിയൽ കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. ഗ്രൂപ്പ് ചാമ്പ്യൻമാരായെത്തിയ ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം ഒരുപടി കൂടുതലാണ്. ഇന്ത്യന്‍സമയം വ്യാഴാഴ്ച രാവിലെ 9.30നാണ് മത്സരം.
നാല് മത്സരങ്ങളിൽ ഒന്നിൽ പോലും തോക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ ഒരെണ്ണം തോറ്റ് മൂന്ന് ജയവുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. മത്സരത്തിന് മഴ ഭീഷണിയുള്ളതിനാൽ ഗ്രൂപ്പിലെ ഈ ജയം ഫൈനലിസ്റ്റിനെ തീരുമാനിക്കും. സെമിഫൈനൽ മത്സരം മഴ മുടക്കിയാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ മത്സരങ്ങൾ ജയിച്ച ടീം ഫൈനലിലേക്ക് മുന്നേറും. അങ്ങനെ വന്നാൽ ഇന്ത്യയ്‌ക്ക് നേരിട്ട് ഫൈനലിലെത്താം.
കളിക്കാരുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ നാലു മത്സരങ്ങളും ജയിച്ചുകയറിയത്. ബാറ്റിംഗിൽ ഒന്നാം നമ്പർ താരം ഷെഫാലി വെർമ്മയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. കഴിഞ്ഞ നാല് മത്സരങ്ങളിലും ഷെഫാലി ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നെടുംതൂണായിരുന്നു. ബൗളിംഗില്‍ പൂനം യാദവും ശിഖ പാണ്ഡെയും രാധാ യാദവും മികച്ച ഫോമിലുള്ളത് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകുന്നു.
2018 ലോകകപ്പിന്റെ സെമിയിലും ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടായിരുന്നു. അന്ന് ഏറ്റുവാങ്ങിയ തോൽവിയ്‌ക്ക് പകരം വീട്ടി ഫൈനൽ ബെർത്ത് ഉറപ്പിക്കാനാകും ഇന്ത്യ ഇന്നിറങ്ങുക.















