ഡെറാഡൂണ്‍: പുല്‍വാമയില്‍ വീരബലിദാനിയായ സൈനികന്റെ ഭാര്യ ഇന്ത്യന്‍ കരസേന യുടെ ഭാഗമായി. മേജര്‍ വിഭൂതി ധൗന്‍ദിയാലിന്റെ ഭാര്യയാണ് കരസേനയില്‍ ചേരാന്‍ എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയിരിക്കുന്നത്.
നിലവില്‍ ഡല്‍ഹിയിലെ നോയിഡയില്‍ ഒരു സോഫ്റ്റവെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്ന നികിത കൗളാണ് കരസേനയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. കരസേനയുടെ പരീക്ഷാ വിഭാഗമായി സെര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡിന്റെ പരീക്ഷ മികച്ചരീതിയില്‍ പാസ്സായ 26കാരിയായ കൗളിന് ഇനി ചില നടപടിക്രമങ്ങള്‍ മാത്രമേ പൂര്‍ത്തിയാക്കാനുള്ളു. ചെന്നൈ യിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നും കൗളിനുള്ള പരിശീലന അനുമതിക്കുള്ള കത്ത് ലഭിച്ചതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കരസേനയിലിരിക്കെ മരണമടഞ്ഞ സൈനികന്റെ ഭാര്യ എന്ന നിലയില്‍ പ്രത്യേക ഇളവ് കിട്ടിയതിനാലാണ് കൗളിന് പരീക്ഷയെഴുതാന്‍ സാധിച്ചത്.
ഭര്‍ത്താവിന്റെ ഭൗതികശരീരത്തിനരികില്‍ ശവസംസ്‌ക്കാര സമയത്ത് കൗള്‍ പറയുന്ന വികാര നിര്‍ഭരമായ വാക്കുകള്‍ ഏറെ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ നിങ്ങളെന്നെ ഏറെ സ്‌നേഹിച്ചിരുന്നു. എന്നാലതിലേറെ രാജ്യത്തെയാണ് സ്‌നേഹിച്ചതെന്ന് എനിക്കറിയാം. എന്റെ അവസാന ശ്വാസം വരെ ഞാന്‍ നിങ്ങളെ സ്‌നേഹിക്കും. എന്റെ ജീവിതം ഞാന്‍ നിങ്ങള്‍ക്കായി മാത്രം സമര്‍പ്പിക്കുന്നു’ സംസ്‌കാരച്ചടങ്ങില്‍ കൗള്‍ പറഞ്ഞ വാക്കുകളാണിത്. ഏതാണ്ട് ഒരു വര്‍ഷം തികഞ്ഞപ്പോഴേക്കും നികിത കൗള്‍ സൈന്യത്തിന്റെ ഭാഗമായതിന്റെ അഭിമാനത്തിലാണ് ഇരുവരുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും.















