സിഡ്‌നി: ടി20 വനിതാ ലോകകപ്പിലെ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍ക് വോ രംഗത്ത്. ഏറ്റവും ഗൗരവമേറിയ ഒരു ലോകകപ്പ് മത്സരത്തിന്റെ സെമിഫൈനലിന് റിസര്‍വ്വ് ദിനം തീരുമാനിക്കാത്തതിനെതിരെയാണ് വോ രംഗത്തെത്തിയത്. മഴ കളികളെ ബാധിച്ചുതുടങ്ങിയതും ആദ്യ സെമിഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതുമാണ് വോ സഹോദരന്മാരില്‍ ഇളയവനായ മാര്‍ക്കിനെ ചൊടിപ്പിച്ചത്.
ഐസിസി ഇത്രയേറ തയ്യാറെടുപ്പ് നടത്തുന്ന ഒരു ലോകകപ്പ് പോരാട്ടത്തിന്റെ നിറം കെടുത്തുന്ന നടപടിയാണിതെന്നും വോ വിമര്‍ശിച്ചു. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴമൂലം ഒരു പന്തുപോലുമെറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ‘ ലോക കപ്പിലെ ഒരു സെമിഫൈനല്‍ കളിക്കുക, ഒരു ഫൈനല്‍ കളിക്കുക എന്നത് ഏതൊരു താരത്തിന്റേയും ജീവിതത്തില്‍ ചിലപ്പോള്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാകാം’ അതാണ് ഇത്തരം അസംബന്ധമായ തീരുമാനത്താല്‍ ഇല്ലാതാകുന്നത് മാര്‍ക്ക് വോ രൂക്ഷമായാണ് പ്രതികരിച്ചത്.















