മെല്‍ബണ്‍: വനിത ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരാട്ടം കാണാന്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം ഉപേക്ഷിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. സ്വന്തം നാട്ടില്‍ തന്റെ ഭാര്യയായ അലിസ ഹീലിയുടെ മത്സരം നേരില്‍ കാണാനാണ് സ്റ്റാര്‍ക്ക് എത്തുക. ഇന്ത്യക്കെതിരെ നാളെയാണ് ഒാസ്‌ട്രേലിയന്‍ വനിതകള്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുക.
സ്വന്തം നാട്ടില്‍ അലിസ ഫൈനല്‍ കളിക്കുന്നത് നേരില്‍ കാണാനുള്ള അവസരം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സ്റ്റാര്‍ക്കിന് ലഭിക്കുകയുള്ളൂ എന്ന് പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍ പ്രതികരിച്ചു. നാട്ടിലേക്ക് തിരികെ പോകാന്‍ സ്റ്റാര്‍ക്കിന് അനുവാദം നല്‍കുന്നതിന് സന്തോഷമേയുള്ളൂ എന്നും ഭാര്യക്ക് പിന്തുണ അറിയിച്ച് ഫൈനലിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നും ലാംഗര്‍ ആശംസിച്ചു.

അതേസമയം, തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഓസ്‌ട്രേലിയ ഇറങ്ങുന്നത്. മറുഭാഗത്ത് ടീം ഇന്ത്യയും മികച്ച ഫോമിലാണ്. ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ഓപ്പണര്‍ ഷഫാലി വെര്‍മ്മയുടെ പ്രകടനമാണ് ഏവരും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. പരിക്കേറ്റ് പുറത്തായ ഓള്‍ റൗണ്ടര്‍ എല്ലിസ പെറിയുടെ അഭാവം ഓസ്‌ട്രേലിയക്ക് തിരിച്ചടിയായിട്ടുണ്ട്.















