ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിനായുള്ള ബോക്‌സിംഗ് ഇനങ്ങളില്‍ ഇന്ത്യയുടെ വനിതാ ലോക താരം മേരി കോമിനും പുരുഷവിഭാഗത്തില്‍ അമിത് പങ്ഘാലും യോഗ്യത നേടി. ജോര്‍ദ്ദാനില്‍ നടന്ന ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് യോഗ്യത ലഭിച്ചത്.
മേരികോം 51 കിലോഗ്രാം വിഭാഗത്തിലും അമിത് 52 കിലോഗ്രാം വിഭാഗത്തിലാണ് സെമിഫൈനലിലെത്തിയത്. ഇന്ത്യയുടെ ബോക്‌സിംഗ് ഇതിഹാസമെന്നറിയപ്പെടുന്ന മേരികോം 51 കിലോഗ്രാം വിഭാഗത്തില്‍ ഫിലിപ്പീന്‍സിന്റെ ഐറിഷ് മാഗ്നോയെ 5-0നാണ് തറപറ്റിച്ചത്. മുപ്പത്തിയേഴാം വയസ്സിലാണ് അതിശയിപ്പിക്കുന്ന പോരാട്ടവീര്യത്തോടെ രണ്ടു കുട്ടികളുടെ അമ്മയായ ശേഷവും മേരികോം അന്താരാഷ്‌ട്രവേദികളില്‍ തിളങ്ങുന്നത്. നിലവില്‍ ടോക്കിയോവിലേക്ക് യോഗ്യത നേടിയിരിക്കുന്ന 7-ാംമത്തെ ഇന്ത്യയുടെ ബോക്‌സിംഗ് താരമാണ് മേരികോം.2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയതാണ് മേരികോമിന്റെ മികച്ച പ്രകടനം. ആറു തവണ ലോകചാമ്പ്യനാണ് മേരികോം.പുരുഷന്മാരില്‍ അമിത് പങ്ഘാല്‍ 52 കിലോഗ്രാം വിഭാഗത്തില്‍ ഫിലിപ്പീന്‍സ് താരത്തെതന്നെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയിരിക്കുന്നത്.















