മുംബൈ: കോവിഡ് 19 ആശങ്ക തുടരുന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഫൈനൽ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനം. മുൻകരുതലെന്ന നിലയിൽ സർക്കാർ നിർദേശത്തെത്തുടർന്നാണ് നടപടി.
ശനിയാഴ്ച രാത്രി ഏഴരയ്‌ക്ക് ഗോവയിലാണ് ഐ.എസ്.എൽ ആറാം സീസണിന്റെ കലാശപ്പോരാട്ടം നടത്താൻ നിശ്ചയിച്ചിരുന്നത്. ചെന്നൈയിൻ എഫ്.സിയും എ.ടി.കെയും തമ്മിലാണ് മത്സരം. കഴിഞ്ഞ ദിവസം കേന്ദ്ര യുവജനകാര്യ മന്ത്രാലയം രാജ്യത്തെ വിവിധ കായിക സംഘടനകളോട്, മത്സരങ്ങൾ കാണികളില്ലാതെ നടത്തണമെന്ന് നിർദേശിച്ചിരുന്നു. ഇക്കാര്യം ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു.
ഞായറാഴ്ച നടക്കാനിരിക്കുന്ന വിഖ്യാതമായ കൊൽക്കത്ത ഡെർബിയും കാണികളില്ലാതെ അരങ്ങേറാണ് സാധ്യത. അടുത്ത വർഷം മോഹൻ ബഗാൻ എ.ടി.കെയുമായി ലയിക്കുന്നതിനാൽ ഐ-ലീഗിലെ അവസാന കൊൽക്കത്ത ഡെർബിയാകും എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരമാണ് ഇപ്പോൾ ആരാധകരില്ലതെ നടക്കാൻ ഒരുങ്ങുന്നത്.















