ബീജിംഗ്: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 ജൂണ്‍ മാസത്തോടെ അവസാനിക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗം ഉപദേഷ്ടാവ് സോങ് നാന്‍ഷാന്‍. ഇതിനായി ലോകരാജ്യങ്ങള്‍ മുഴുവന്‍ അണിനിരക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ലക്ഷണമില്ലാത്ത രോഗികളാണ് ചൈനയിലേക്ക് ധാരാളമായി എത്തിയതെന്നും നാന്‍ഷാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച രോഗികള്‍ക്ക് വീണ്ടും അണുബാധയേറ്റതിന്റെ തോത് കുറവാണ്. ചൈനയിലെ മധ്യ ഹുബെ പ്രവിശ്യയിലാണ് കൊറോണ വൈറസിന്റെ മൂന്നില്‍ രണ്ട് കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബറിലാണ് ചൈനയില്‍ ആദ്യമായി വൈറസ് പ്രത്യക്ഷപ്പെട്ടതെന്നും ഇക്കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളില്‍ ഭൂരിഭാഗവും ചൈനയ്ക്ക് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയതായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങള്‍ ഇത് ഗൗരവമായി കാണുകയും ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകുകയും ചെയ്തില്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറസ് ലോകമെമ്പാടും വ്യാപിച്ചേക്കുമെന്ന് 83കാരനായ സോങ് നാന്‍ഷാന്‍ മുന്നറിയിപ്പു നല്കി.