മുംബൈ: രാജ്യം ഒന്നായി കൊറോണക്കെതിരെ പൊരുതുമ്പോൾ പാവപ്പെട്ടവർക്ക് കൈത്താങ്ങായി ആർഎസ്എസ്. മുംബൈ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ച്ചയായി ദിവസേന ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ആർഎസ്എസ് ഭക്ഷണം വിതരണം ചെയ്യുന്നത്. ജനകല്യാൺ സമിതി, കേശവ് ശ്രുതി മൈ ഗ്രീൻ സൊസൈറ്റി എന്നീ സംഘടനകളാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയത്.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ 24 വാർഡുകളിലുള്ള 1.2 ലക്ഷം ആളുകൾക്കാണ് ആർഎസ്എസിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തത്. 17 സാമൂഹിക അടുക്കളകളിലൂടെ ദിവസത്തിൽ രണ്ട് നേരമാണ് ഭക്ഷണം നൽകിയത്. ‘അന്നപൂർണ യോജന’ എന്ന പദ്ധതിയിലൂടെയാണ് ഭക്ഷണ വിതരണം നടന്നത്.
സാമൂഹിക അടുക്കളയിലൂടെ 40,000 ഭക്ഷണ പൊതികൾ ബിഎംസിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തപ്പോൾ 60,000 ഭക്ഷണ പൊതികളാണ് ആർഎസ്എസും മറ്റ് സന്നദ്ധ സംഘടനകളും ചേർന്ന് വിതരണം ചെയ്തത്. 20,000 ഭക്ഷണ പൊതികളും വിതരണം ചെയ്തത് ദിവസ വേതനാടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവർക്കാണ്.
സാമൂഹിക അടുക്കളയിൽ നിന്ന് കോർപ്പറേഷൻ 40,000 ഭക്ഷണപൊതികളാണ് വാങ്ങുന്നത്. ഇത് കോർപ്പറേഷൻ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും വേണ്ടിയാണ്. നിലവിൽ 7,000ത്തോളം സ്വയം സേവകരാണ് സാമൂഹിക അടുക്കളകളിൽ ഭക്ഷണം പാകം ചെയ്യാനും അതിന്റെ വിതരണത്തിനുമായി പ്രവർത്തിക്കുന്നത്.