ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് അധിക സേവനം ചെയ്യുമ്പോഴും അതിര്‍ത്തിയില്‍ ഒരു സൈനികനെപ്പോലും കുറക്കാതെ ഭാരത അതിര്‍ത്തി രക്ഷാ സേന. തങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന അതിര്‍ത്തി രക്ഷാ ദൗത്യത്തിനുള്ള ക്രമീകരണത്തിലോ സൈനികരുടെ എണ്ണത്തിലോ കുറവ് വരുത്തിയിട്ടില്ലെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ എസ്എസ് ദേസ്വാള് പറഞ്ഞു. ഇന്തോ തിബറ്റന്‍ പോലീസിന്റെ മേധാവി എന്നതുകൂടാതെയുള്ള അധികചുമതല വഹിക്കുന്നയാളുകൂടിയാണ് ദേസ്വാള്.
അതിര്‍ത്തിയില്‍ നമ്മുടെ സൈന്യം പരിപൂര്‍ണ്ണമായ ജാഗ്രതയിലാണ്. ഒരു ഭാഗത്തും സേനാ വിഭാഗങ്ങളെ നിയോഗിക്കുന്നതില്‍ ഒരു കുറവും വരുത്തിയിട്ടില്ല. ഇതിനിടെ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ചില സംസ്ഥാനങ്ങളെ സഹായിക്കാനും സൈനികരെ നിയോഗിച്ചിട്ടുമുണ്ട്.
നിലവില്‍ ലീവിലുള്ള സൈനികരുടെ അവധി ഏപ്രില്‍ 21 വരെ നീട്ടാനും തീരുമാനമായി. എല്ലാവരേയും നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടാണ് തീരുമാനം അറിയിച്ചത്. ആരിലൂടേയും സമ്പര്‍ക്കത്തിലൂടെ കൊറോണ സൈനികരിലേക്ക് എത്താതിരിക്കാനുള്ള പരമാവധി ശ്രദ്ധ നല്‍കിയതായും ദേസ്വാള് വ്യക്തമാക്കി. ഒപ്പം എല്ലാ സൈനിക പരിശീലനകേന്ദ്രങ്ങള്‍ക്കും അവധി നല്‍കിയിരിക്കുകയാണെന്നും ബിഎസ്എഫ് മേധാവി കൂട്ടിച്ചേര്‍ത്തു.