പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് ജില്ലാ സെഷൻസ് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ 103(1), 126(2) പ്രകാരമാണ് കോടതി കുറ്റം തെളിഞ്ഞതായി കണ്ടെത്തിയത്. ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും.
2025 ജനുവരി 27-നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ജനുവരി 28-ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വയലിൽ നിന്ന് പോലീസ് പിടികൂടി.
അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘം കേസിൽ 30 ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാളിന്റെ പിടിയിൽ നിന്ന് പ്രതിയുടെയും കൊല്ലപ്പെട്ടവരുടെയും ഡി.എൻ.എ കണ്ടെത്തിയതും, രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ച തുണിക്കഷണത്തിൽ നിന്ന് ഇരകളുടെ രക്തക്കറ കണ്ടെത്തിയതും കേസിലെ നിർണായക തെളിവുകളായി.
ഇത് “അപൂർവങ്ങളിൽ അപൂർവമായ കേസ്” ആണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലും ചെന്താമര പ്രതിയായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും മാതാവ് ലക്ഷ്മിയെയും ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭാര്യ തന്നിൽ നിന്ന് അകന്നുപോകാൻ കാരണം സജിതയും മറ്റൊരു അയൽവാസിയുമായിരുന്നുവെന്ന അന്ധവിശ്വാസവും വൈരാഗ്യവുമാണ് തുടർച്ചയായ കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.















