കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ കഴിയുന്ന അംഗങ്ങൾക്കായി ഇന്ത്യൻ ആഡ്‌ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ സാമ്പത്തിക സഹായം വിതരണം ചെയ്തു . എല്ലാ അംഗങ്ങളുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചായിരുന്നു അയാം കൈത്താങ്ങായത് . പരസ്യചിത്ര നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി2015 ൽ രൂപം കൊണ്ട ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ ,ഫെഫ്കയുമായി സഹകരിച്ചു നിർമിച്ച കോവിഡ് ബോധവൽക്കരണ പരസ്യചിത്രങ്ങൾ ഇതിനകം തന്നെ പൊതുജന ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.
ലോക്ക് ഡൗൺ കഴിഞ്ഞുള്ള സാഹചര്യം തരണം ചെയ്യാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി നിരവധി കർമ്മ പരിപാടികൾക്ക് രൂപം നൽകാനുള്ള തയ്യാറെടുപ്പിൽ ആണ് ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന് പ്രസിഡന്റ് ജബ്ബാർ കല്ലറയ്‌ക്കൽ അറിയിച്ചു .
എല്ലാ അംഗങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ പരസ്യ ചിത്ര നിർമാണത്തിന് പുറമെ ഓഡിയോ വിഷ്വൽ കൊണ്ടെന്റ് നിർമ്മാണ രംഗത്തും OTT സ്ട്രീമിങ് മേഖലയിലും ക്രിയാത്‌മകമായ ഇടപെടലുകൾ നടത്തുന്നതുവഴി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കഴിവുള്ളവർക്ക് നിരവധി അവസരങ്ങൾ തുറന്നു കിട്ടും എന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സിജോയ് വർഗീസ് പറഞ്ഞു.















