വാഷിംഗ്ടണ്‍: ഐക്യരാഷ്‌ട്രസഭാ സെക്രട്ടറിയുടെ നിരന്തര അപേക്ഷയെ തള്ളി വീണ്ടും അമേരിക്ക. കൊറോണ ബാധയെ ഗൗരവത്തോടെ കാണാതിരുന്ന ലോകാരോഗ്യസംഘടനക്ക് പ്രവര്‍ത്തന ഫണ്ട് മുടക്കിയത് പുനരാലോചിക്കുന്ന പ്രശ്‌നമില്ലെന്ന് അമേരിക്ക വീണ്ടും വ്യക്തമാക്കി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോവാണ് കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ പ്രസ്താവനയെ സാധൂകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ചൈനയെ പരോക്ഷമായി പിന്തുണക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി ലോകാരോഗ്യ സംഘടന തുടരുന്നതെന്നും മൈക്ക് വീണ്ടും ഓര്‍മ്മിപ്പിച്ചു. കൊറോണയുടെ രൂക്ഷത ചൈന മറച്ചുവച്ചതിനെ ലോകാരോഗ്യസംഘടന ന്യായീകരിച്ചതിലുള്ള അമര്‍ഷവും പോംപിയോ ഒരിക്കല്‍കൂടി വ്യക്തമാക്കി. എന്നാലിതിനിടെ ഡബ്ലൂ.എച്ച്.ഒ വിനെ ബലിയാടാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന പ്രതിപക്ഷ പ്രസ്താവനയേയും പോംപിയോ തള്ളി.
അടിയന്തിരമായി ലോകാരോഗ്യ സംഘടനയില്‍ അഴിച്ചുപണി നടത്തണം. ചൈനയെ ഒഴിവാക്കണമെന്നും പോംപിയോ ആവര്‍ത്തിച്ചു. 12000 കോടി രൂപയാണ് 2019ല്‍ അമേരിക്ക ലോകാരോഗ്യ സംഘടനക്ക് നല്‍കിയത്. അമേരിക്കയുടെ നടപടി ലോകാരോഗ്യ സംഘടനയെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്ക ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ പങ്കുവച്ചിരുന്നു.















