ന്യൂഡല്‍ഹി: ലോക്ഡൗണിനിടെ സാധാരണക്കാരന്റെ ധനലഭ്യത ഉറപ്പാക്കിയ തപാല്‍ വകുപ്പ് സേവനം റെക്കോഡ് നേട്ടം കൈവരിച്ചു. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സംവിധാനങ്ങള്‍ക്കും ലോക് ഡൗണ്‍ തടസ്സമായപ്പോഴാണ് ഗ്രാമീണമേഖലക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ തപാല്‍ വകുപ്പ് വഴിയുള്ള പണം കൈമാറ്റം തുടങ്ങിയത്.
നഗരമെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ പുറത്തുപോകാന്‍ പറ്റാതിരിക്കുന്ന എല്ലാവര്ക്കും ആശ്വാസമായാണ് തപാല്‍ വകുപ്പിന്റെ ബാങ്കിംഗ് സംവിധാനം പ്രവര്‍ത്തി ക്കുന്നത്.ഏതൊരു പൗരനും തൊട്ടടുത്ത പോസ്റ്റ് ഓഫീസിലേക്ക് ഫോണ്‍ ചെയ്താല്‍15-20 മിനിറ്റിനുള്ളില്‍ പോസ്റ്റ്മാന് വീട്ടിലെത്തുന്ന രീതിയിലാണ് സൗകര്യം ചെയ്തിരിക്കുന്നത്.
മാര്‍ച്ച് മാസം 24 മുതല്‍ ഏപ്രില്‍ 23 വരെയുള്ള കണക്കുകളാണ് ഇന്ത്യാ പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. 21 ലക്ഷം ഇടപാടുകളാണ് ഇതുവരെ നടന്നത്. അതുവഴി 412 കോടി രൂപയാണ് തപാല്‍ വകുപ്പ് വഴി സമൂഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള പോസ്റ്റ് ഓഫീസുകളില്‍ 1.36ലക്ഷം പോസ്റ്റ് ഓഫീസുകളിലായി 1.86 ലക്ഷം ഡിജിറ്റല്‍ ഉപകരങ്ങളാണ് പണം കൈമാറാനായി നല്‍കിയിരിക്കുന്നത്.