ന്യൂഡല്‍ഹി: രാജ്യത്തെ നാല് പ്രധാന നഗരങ്ങള്‍ കൊറോണ അതി തീവ്രമേഖലയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് വൈറസ് തീവ്ര ബാധിത പ്രദേശങ്ങളായി വിലയിരുത്തുന്നത്. ഈ നഗരങ്ങളിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ കേന്ദ്രമന്ത്രിതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
മുംബൈ,പൂനെ,കൊല്‍ക്കത്ത,ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയോട് മഹാരാഷ്ട്രയിലെ താനെ കൂടി സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമിതി ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തി കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
അതേസമയം വൈറസ് വ്യാപനമുണ്ടായതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. രോഗവ്യാപനം കൂടുതലായ അഞ്ച് നഗരങ്ങളില്‍ നാല് ദിവസം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം, മധുര എന്നീ നഗരങ്ങളിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.