ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സൈനിക സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം.കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദേശകാര്യവകുപ്പും ആണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ വ്യൂഹത്തോടും എയര്‍ ഇന്ത്യയോടുമാണ് എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘തങ്ങള്‍ എല്ലാ സാഹചര്യങ്ങളും വിലയിരുത്തുകയാണ്. സൗകര്യങ്ങളൊരുക്കികഴിഞ്ഞു. എയര്‍ ഇന്ത്യയും നാവികസേനയുമാണ് പ്രവാസികളെ എത്തിക്കുക’ വിദേശകാര്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവരില്‍ ഏകദേശം പത്ത്ലക്ഷം പേരും തുറമുഖങ്ങളുള്ള നഗരങ്ങളിലാണ് താമസം. അതിനാല്‍ കപ്പല്‍ മാര്‍ഗ്ഗം കൂടുതല്‍ പേര്‍ക്ക് തിരികെവരാനാകും എന്ന സൗകര്യമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇന്ത്യന്‍ നാവിക സേനക്ക് മൂന്ന് കപ്പലുകളിലായി 1500 പേരെ ഒരു സമയം കൊണ്ടുവരാനാകും. എയര്‍ ഇന്ത്യ ഇതുകൂടാതെ 500 വിമാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.