കാലിഫോര്‍ണിയ: യുഎസിലെ യൂട്ട ഹൈവേയിലൂടെ ചീറി പാഞ്ഞു വരുന്ന കാറിന് കൈകാണിച്ച ഹൈവേ പ്രെട്രോളിംഗ് സംഘം ഞെട്ടി.കാറിനു പുറത്ത് നിന്ന് അകത്തേക്ക് നോക്കിയപ്പോള്‍ ഡ്രൈവര്‍ സീറ്റിലിരിക്കുന്നയാളെ കാണാന്‍ നന്നേ പാടുപെടേണ്ടി വന്നു പോലീസിന്. ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടതോ ഒരു കുഞ്ഞു വിരുതനെ..പേര് എഡ്രിയന്‍. ഭിന്നശേഷിക്കാരായ ആരോ ആണ് വാഹനമോടിച്ചതെന്നാണ് ആദ്യം പോലീസ് കരുതിയത്. എന്നാല്‍ പോലീസിന് തെറ്റി. പ്രായമെത്രയെന്ന് ചോദിച്ചപ്പോള്‍ അഞ്ച് വയസ്സെന്ന് മറുപടി.
എങ്ങോട്ടാണ് യാത്രയെന്ന പോലീസിന്റെ ചോദ്യത്തിന് ഒട്ടും കൂസല്ലില്ലാതെ എഡ്രിയന്‍ ഉത്തരം പറഞ്ഞു. ലംബോര്‍ഗിനി വാങ്ങാന്‍ കാലിഫോര്‍ണിയയ്‌ക്ക് പോവുകയാണ്..അമ്മ വാങ്ങിതരില്ലാന്നു പറഞ്ഞതിനാല്‍ കാര്‍ വാങ്ങാന്‍ താന്‍ നേരിട്ടു പോവുകയാണ്.. കൈയ്യിലുള്ള മൂന്ന് ഡോളര്‍ നീട്ടിയവന്‍ മറുപടി പറഞ്ഞു.
കൊച്ചു വിരുതന്റെ മറുപടി കേട്ട് ചിരിയടക്കി നില്‍ക്കാനേ കുറച്ച് നേരത്തേക്ക് പോലീസുകാര്‍ക്ക് കഴിഞ്ഞുള്ളൂ..പിന്നീട് അവര്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആഢംബര വാഹനമായ ലംബോര്‍ഗിനി വാങ്ങണമെന്ന സ്വപ്‌നവുമായാണ് എഡ്രിയന്‍ അമ്മയുമായി വഴക്കിട്ടിറങ്ങിയത്. സഹോദരിയെ നോക്കാനേല്‍പ്പിച്ച് അമ്മ ജോലിക്ക് പോയിരുന്നു. അമ്മ കാര്‍ വാങ്ങിതരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞോടെ സഹോദരി കാണാതെ കാര്‍ വാങ്ങാന്‍ ഇറങ്ങി തിരിച്ചതാണ് കൊച്ചു വിരുതന്‍.
അതേസമയം ഐഡ്രിയന്റെ കുട്ടിക്കുറുമ്പായി ഇതിനെ കാണാന്‍ പോലീസ് തയ്യാറായെങ്കിലും കുട്ടികള്‍ കാറോടിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഏഡ്രിയന്റെ മാതാപിതാക്കള്‍ക്കെതിരെ കോടതി കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.















